LiveTV

Live

National

തുടര്‍ച്ചയായ 11ആം മാസവും വാഹന വിപണിയില്‍ ഇടിവ് 

യാത്രാവാഹനങ്ങളുടെ വിൽപനയില്‍ സെപ്തംബറില്‍ 23.69 ശതമാനം ഇടിവുണ്ടായി.

 തുടര്‍ച്ചയായ 11ആം മാസവും വാഹന വിപണിയില്‍ ഇടിവ് 

വാഹന വിപണിയില്‍ വീണ്ടും തകര്‍ച്ച. യാത്രാവാഹന വിപണിയില്‍ 23 ശതമാനവും വാണിജ്യ വാഹന വിപണിയില്‍ 62 ശതമാനവും വില്‍പന താഴ്ന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ച്ചേഴ്സാണ് കഴിഞ്ഞ മാസത്തെ കണക്ക് പുറത്തുവിട്ടത്.

സാമ്പത്തിക മാന്ദ്യം തകര്‍ത്ത വാഹന വിപണിക്ക് 11ആം മാസവും കരകയറാനായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ആഭ്യന്തര വാഹന വ്യാപാരം ഇടിഞ്ഞ് 22.41 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിനെ അപേക്ഷിച്ച് 5,79,130 യൂണിറ്റിന്റെ കുറവാണ് വില്‍പനയില്‍ ഉണ്ടായിട്ടുള്ളത്. യാത്രാവാഹന വില്‍പന 23.7 ശതമാനം ഇടിഞ്ഞ് 2,23,317 യൂണിറ്റായി കുറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ 22.09 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മീഡിയം, ഹെവി വ്യാപാര വാഹന വിപണിയില്‍ 62 ശതമാനമാണ് ഇടിവ്. 2018 സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 24,355 യൂണിറ്റിന്റെ കുറവ്.

വാഹന വിപണിയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്തെന്നും ശാക്തീകരണ നടപടി ആവശ്യമെങ്കില്‍ പ്രതിനിധികള്‍ക്ക് അറിയിക്കാമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. വാഹന വിപണിയെ ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏത് മേഖലയിലെ പ്രശ്നങ്ങളിലും ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു.

വാഹന വിപണിയിലെ ഉല്‍പാദന - വില്‍പന കുറവ് തൊഴില്‍ നഷ്ടം വര്‍ധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിലിത് രൂക്ഷമാകും.