LiveTV

Live

National

ജെർമി കോർബിന്റെ ട്വീറ്റ് കോൺഗ്രസിന് തലവേദനയാകുന്നു

ജെർമി കോർബിന്റെ ട്വീറ്റ് കോൺഗ്രസിന് തലവേദനയാകുന്നു

യു.കെ ലേബർ പാർട്ടി നേതാവ് ജെർമി കോർബിന്റെ ട്വീറ്റ് കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസിന്റെ യു.കെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും കശ്മീർ വിഷയം ചർച്ച ചെയ്തു എന്നുമാണ് ട്വീറ്റ്. വിദേശ നേതാക്കളുമായി കശ്മീർ വിഷയത്തിൽ എന്ത് ചർച്ചയാണ് കോൺഗ്രസ് നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോർബിനെ സന്ദർശിച്ച സംഘത്തെ പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

യുകെ കോൺഗ്രസ് ഘടകം അധ്യക്ഷൻ കമൽ ദലിവാൾ അടക്കമുള്ളവർക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ സഹിതം ആണ് ജെറമി കോർബിന്റെ ട്വീറ്റ്- ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ചചെയ്തു. മേഖലയിലെ ജനങ്ങൾ ഇത്രയും കാലം അനുഭവിച്ച ഭയത്തിനും ആക്രമണങ്ങൾക്കും അറുതി വരേണ്ടതുണ്ട് എന്നും ട്വീറ്റില്‍ പറയുന്നു.

പിന്നാലെ തന്നെ വിഷയം ഏറ്റെടുത്ത ബി.ജെ.പി രൂക്ഷവിമർശനവുമായി എത്തി. വിദേശ നേതാക്കളുമായി ജമ്മു കശ്മീർ വിഷയം സംബന്ധിച്ച് എന്തു ചർച്ചയാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ചോദ്യം. രാജ്യത്തെ ജനത ലജ്ജാകരമായ ഈ നീക്കത്തിനുള്ള മറുപടി നൽകുമെന്നും ബി.ജെ.പി പ്രതികരിച്ചു.

കോർബിനെ സന്ദർശിച്ച സംഘത്തെ പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും ജമ്മു കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണെന്നും കോൺഗ്രസ് വിശദീകരിച്ചു. ജമ്മു കശ്മീർ ആഭ്യന്തര വിഷയമാണ് എന്ന് തന്നെയാണ് നിലപാട്. ബി.ജെ.പിയുടെ വ്യാഖ്യാനങ്ങൾ അത്ഭുതപ്പെടുത്തി എന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. കൂടിക്കാഴ്ചയെ ബി.ജെ.പി തെറ്റായി വ്യാഖ്യാനിച്ച് ഭരണപരാജയങ്ങൾ മറക്കാനാണ് ശ്രമിക്കുന്നതെന്ന് യു.കെ കോൺഗ്രസും വ്യക്തമാക്കി.