LiveTV

Live

National

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിടിച്ചു; എസ്.ബി.ഐ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ഇടപാട് നടത്തിയപ്പോൾ തന്നെ പരാതിക്കാരന് പണം ലഭിച്ചുവെന്ന വാദം സ്ഥാപിക്കാൻ എസ്.ബി.ഐക്ക് കഴിഞ്ഞില്ല. എ.ടി.എമ്മിലെ സി.സി.ടി.വി ഫുട്ടേജ് ലഭ്യമാക്കുന്നതിലും അവർ പരാജയപ്പെട്ടു.

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിടിച്ചു; എസ്.ബി.ഐ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

പണമില്ലാത്ത എ.ടി.എമ്മിൽ ഇടപാട് നടത്തിയ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ പിടിച്ചെടുത്ത സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിവിധി. ഉദാരു സർവോത്തമ റെഡ്ഡി എന്ന പരാതിക്കാരന് കോടതിച്ചെലവടക്കം ഒരു ലക്ഷം രൂപ നൽകാനാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി എസ്.ബി.ഐയോട് നിർദേശിച്ചിരിക്കുന്നത്. മുപ്പത് ദിവസത്തിനകം തുക കൈമാറണമെന്നും സമയപരിധി പാലിച്ചില്ലെങ്കിൽ എട്ടു ശതമാനം പലിശ നൽകണമെന്നും കോടതി വ്യക്തമാക്കി.

2017 ജനുവരി 26 ന് എ.ടി.എം കാർഡ് ഉപയോഗിച്ച് ഹൈദരാബാദിലെ ഒരു എസ്.ബി.ഐ എ.ടി.എമ്മിൽ ഉദാരു സർവോത്തമ റെഡ്ഡി 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. സാങ്കേതിക കാരണങ്ങളാൽ യന്ത്രത്തിൽ നിന്ന് പണം ലഭ്യമായില്ല. എന്നാൽ ഇരുപത് ദിവസങ്ങൾക്കു ശേഷം ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ അപ്രത്യക്ഷമായി.

പിൻവലിക്കാത്ത പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്ന പരാതിയുമായി എസ്.ബി.ഐയെ സമീപിച്ചപ്പോൾ എ.ടി.എം ഇടപാട് വിജയകരമായിരുന്നതിനാലാണ് പണം നഷ്ടമായതെന്ന വിചിത്രവാദമാണ് ബ്രാഞ്ച് മാനേജറും റീജ്യണൽ ഓഫീസിൽ ജനറൽ മാനേജറും റെഡ്ഡിക്കു മുമ്പാകെ വെച്ചത്. പരാതിയുണ്ടെങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം എന്നും ഇവർ പറഞ്ഞു. ഓംബുഡ്‌സ്മാൻ തന്റെ പരാതി കാര്യമായെടുത്തില്ലെന്നും അന്വേഷണം നടത്താതെ അവസാനിപ്പിച്ചെന്നും റെഡ്ഡി ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

റെഡ്ഡിയുടെ പരാതിയിൽ കഴമ്പില്ലെന്നും ജനുവരി 26-ലെ ഇടപാടിൽ തന്നെ ഇയാൾക്ക് പണം ലഭിച്ചിരുന്നു എന്നുമാണ് എസ്.ബി.ഐ ഉപഭോക്തൃ കോടതിയിൽ മറുപടി നൽകിയത്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് അവകാശപ്പെട്ട എസ്.ബി.ഐ, റെഡ്ഡി തങ്ങൾക്ക് പരാതി നൽകിയിരുന്നുവെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. സാങ്കേതിക പിഴവുകൾ സംഭവിച്ചതിനാലാണ് ഇടപാടിന്റെ വിവരങ്ങൾ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നത് വൈകിയതെന്നും എസ്.ബി.ഐ വാദിച്ചു. റെഡ്ഡിയുടെ പരാതി ഉപഭോക്തൃ കോടതി കൈകാര്യം ചെയ്യേണ്ടതല്ലെന്നും സിവിൽ കോടതിയിലേക്ക് കേസ് മാറ്റണമെന്നും എസ്.ബി.ഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

പ്രഥമദൃഷ്ട്യായും തെളിവുകൾ സഹിതവും എസ്.ബി.ഐ വീഴ്ച വരുത്തിയെന്നും ഇത് പരാതിക്കാരന് മാനിസകമായ ബുദ്ധിമുട്ടിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു. ഇടപാട് നടത്തിയപ്പോൾ തന്നെ പരാതിക്കാരന് പണം ലഭിച്ചുവെന്ന വാദം സ്ഥാപിക്കാൻ എസ്.ബി.ഐക്ക് കഴിഞ്ഞില്ല. എ.ടി.എമ്മിലെ സി.സി.ടി.വി ഫുട്ടേജ് ലഭ്യമാക്കുന്നതിലും അവർ പരാജയപ്പെട്ടു. ഇക്കാരണത്താൽ എസ്.ബി.ഐ 90,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതിച്ചെലവായും നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.