LiveTV

Live

National

മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കി ടാറ്റ: ഈ വർഷം വിറ്റത് ഒരൊറ്റ നാനോ മാത്രം

വിപണി വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ, ടാറ്റ മോട്ടോഴ്‌സും ഹോണ്ട കാർസും 2018-ലെ ആദ്യ എട്ട് മാസങ്ങളിൽ വിറ്റതിന്റെ പകുതി മാത്രമേ ഈ വർഷം വിറ്റുള്ളൂ.

മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കി ടാറ്റ: ഈ വർഷം വിറ്റത് ഒരൊറ്റ നാനോ മാത്രം

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വെളിപ്പെടുത്തൽ. കമ്പനിയുടെ എൻട്രി ലെവൽ കാർ ആയ 'നാനോ' ഒരെണ്ണം മാത്രമാണ് 2019-ൽ വിറ്റുപോയതെന്നും ഈ വർഷം നാനോയുടെ ഒരു യൂണിറ്റ് പോലും ഉൽപ്പാദിപ്പിച്ചിട്ടില്ലെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് പറയുന്നത്. സാധാരണക്കാരന്റെ കാർ എന്ന വിശേഷണത്തോടെ രംഗത്തിറക്കിയ നാനോയുടെ ഉൽപ്പാദനം പൂർണമായി നിർത്താൻ ടാറ്റ ഒരുങ്ങുന്നതായി സൂചനയുണ്ട്.

കമ്പനിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം സെപ്തംബർ വരെ ഈ വർഷത്തെ ഒമ്പത് മാസങ്ങളിലും ഒരൊറ്റ നാനോ പോലും നിർമിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഒരു കാർ വിറ്റുപോയതൊഴിച്ചാൽ നാനോയുടെ വേറെ വിൽപനയും നടന്നില്ല. അതേസമയം, എൻട്രി ലെവലിൽ കൂടുതൽ മികവുള്ള ഒരു കാർ രംഗത്തിറക്കി നാനോയുടെ ഉൽപ്പാദനം പൂർണമായി നിർത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

രത്തൻ ടാറ്റയുടെ സ്വപ്‌നപദ്ധതിയായിരുന്ന നാനോ 2008-ലെ ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സാധാരണക്കാരന്റെ കാർ എന്ന പേരിലെത്തിയ നാനോക്ക് പക്ഷേ, പിന്നീടുള്ള വർഷങ്ങളിൽ വിപണിയിൽ സജീവമായി നിൽക്കാൻ കഴിഞ്ഞില്ല. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുക കൂടി ചെയ്തതോടെ വിപണം പൂർണമായി നിലച്ചു.

ഈ വര്‍ഷം രാജ്യത്തെ വാഹനവിൽപ്പന 23 ശതമാനം തകർച്ച നേരിട്ടുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) ആഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. മീഡിയം, ഹെവി എസ്.യു.വി വിഭാഗത്തിൽ 54 ശതമാനവും യാത്രാ കാറുകളിൽ 41 ശതമാനവും തകർച്ച നേരിട്ടു. ടാറ്റ മോട്ടോഴ്‌സും ഹോണ്ട കാർസും 2018-ലെ ആദ്യ എട്ട് മാസങ്ങളിൽ വിറ്റതിന്റെ പകുതി മാത്രമേ ഈ വർഷം വിറ്റുള്ളൂ എന്നും സിയാം വ്യക്തമാക്കുന്നു.