LiveTV

Live

National

‘ഒരു കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് ഞാന്‍ അവിടെ കണ്ടത്’

അവിടെ ചുറ്റും കൂടി നിൽക്കുന്നവരെല്ലാം ഒരു കുട്ടിയെ അടിക്കാനായി അട്ടഹസിക്കുകയായിരുന്നു.

‘ഒരു കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് ഞാന്‍ അവിടെ കണ്ടത്’

അന്നും പതിവ് പോലെ സോണിയ കിദ്വായ് എന്ന സ്കൂൾ അധ്യാപിക തന്റെ വീട്ടിലേക്ക് തിരിച്ചതായിരുന്നു. എന്നാൽ വഴിക്ക് വെച്ച് റോഡിൽ ഒരാൾക്കൂട്ടം കണ്ട അവർ ഡ്രെെവറോട് വാഹനം നിർത്താൻ പറഞ്ഞു. അവിടെ സോണിയ കിദ്വായ് കണ്ടത്, ആധുനിക ഇന്ത്യയിൽ അതിഭീകരമായി നടമാടുന്ന ഒരു കുറ്റകൃത്യമായിരുന്നു, ആൾക്കൂട്ടാക്രമണം !

വാഹനത്തിൽ നിന്നിറങ്ങി അവർ ഒറ്റക്ക് ആ ആൾക്കൂട്ടത്തിനെതിരെ പോരാടുകയായിരുന്നു. വിദ്വേഷാക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കർവാന ഇ മൊഹബത്ത് എന്ന ഓൺലെെൻ ചാനലാണ് ഈ അധ്യാപികയുടെ കഥ ലോകത്തോട് പറയുന്നത്.

അവിടെ ചുറ്റും കൂടി നിൽക്കുന്നവരെല്ലാം ഒരു കുട്ടിയെ അടിക്കാനായി അട്ടഹസിക്കുകയായിരുന്നുവെന്ന് സോണിയ കിദ്വായി പറഞ്ഞു. ചിലരുടെ കയ്യിൽ ഒരു ദണ്ഡുമുണ്ട്. ചുറ്റും കാഴ്ച്ചക്കാരായി വേറെ കുറേ പേരുമുണ്ട്. ആ ആൾക്കൂട്ടത്തോട് അതിക്രമം നിർത്താൻ പറഞ്ഞെങ്കിലും, താനെന്തോ കുറ്റം ചെയ്ത പോലെയാണ് അവിടെ കൂടി നിന്നവര്‍ തന്നോട് പെരുമാറിയതെന്നാണ് സോണിയ കിദ്വായി പറഞ്ഞത്.

അവിടെ കൂടിനിന്ന ഒരാളിൽ നിന്ന് പോലും തനിക്ക് പിന്തുണ ലഭിക്കുകയുണ്ടായില്ലെന്ന് പറഞ്ഞ കിദ്വായി, രാജ്യത്തിന്റെ ഈ
ഗതി പേടിപ്പെടുത്തുന്നതായിരുന്നു എന്നും അഭിമുഖത്തിൽ പറഞ്ഞു. ചുറ്റുമുള്ള വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങി വന്നില്ല. അതുവഴി ചീറിപ്പാഞ്ഞ് പോയ വാഹനങ്ങള്‍ ഒന്നും തന്നെ സഹായത്തിനായി നിര്‍ത്തിയില്ല. രാജ്യത്ത് നടക്കുന്ന ഓരോ ആൾക്കൂട്ട ആക്രമണങ്ങളിലും നമ്മുടെ ഈ നിശബ്ദതക്ക് പങ്കുണ്ട്. എന്ത് തന്നെ കുറ്റകൃത്യം ചെയ്ത ആളാണെങ്കിലും, അയാളുടെ ശരീരത്തിൽ കെെവെക്കാൻ ആർക്കും അവകാശമില്ലെന്ന് കിദ്വായി പറയുന്നു.

ലാത്തി വെച്ച് ഒരാളെ അടിക്കുന്നത് ഇന്ന് രാജ്യത്ത് സാധാരണ സംഭവമായി മാറി. ഇതിനെതിരെ പ്രതികരിക്കും വരെ ഇത് വെറും സാധാരണ സംഭവമായി തന്നെ നിലിൽക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.