LiveTV

Live

National

കരിനിയമങ്ങള്‍ക്കും കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം

കരിനിയമങ്ങള്‍ക്കും കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം

കരിനിയമങ്ങള്‍ക്കെതിരെയും ജമ്മുകശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെയും ഡല്‍ഹിയില്‍ വിവിധ ‌സംഘടനകളുടെ പ്രതിഷേധ സംഗമം. യുഎപിഎ അടക്കമുള്ള നിയമഭേദഗതികള്‍ വന്നതോടെ രാജ്യത്ത് സാധാരണക്കാരനടക്കം സുരക്ഷ നഷ്ടപ്പെട്ട സാഹചര്യമാണ് രൂപപ്പെട്ടതെന്ന് ‌ആര്‍.ജെ.ഡി എംപി മനോജ് ജാ പറഞ്ഞു. എസ്.ഐ.ഒ, പി.യു.സി.എല്‍, ഫ്രട്ടേണിറ്റി മൂവ്മെന്‍റ്, എ.പി.സി.ആര്‍‍‌‌, യുണൈറ്റ‍ഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സംഗമം നടന്നത്

യുഎപിഎ അടക്കമുള്ള നിയമ ഭേദഗതികള്‍ രാജ്യത്ത് സാധാരണ‌ക്കാരന്‍റെ സുരക്ഷയെ തന്നെ വെല്ലുവിളിക്കുന്നതാണെന്ന് ആര്‍ജെഡി എംപി മനോജ് ജാ അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡ് സിനിമകള്‍ ഷൂട്ട് ചെയ്യാനുള്ള സ്ഥലം മാത്രമായാണ് കശ്മീരിനെ കാണുന്നത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം. പൌരത്വ ഭേദഗതി ബില്ല് രാജ്യത്തെ വംശീയമായി വേര്‍തിരിക്കുന്നതാണ്. ഇതിന്‍റെ പേരില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തുന്നത് വര്‍ഗീയ ആഹ്വാനമാണെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി അഭിഭാഷകരായ സജ്ഞയ് ഹെഗ്ഡെ, അനസ് തന്‍വീര്‍, മാധ്യമപ്രവര്‍ത്തകരായ പ്രശാന്ത് ടണ്ടന്‍, അനില്‍ ചന്പാടിയ, ഡോ. ഗസാല ജാമില്‍, എസ്ഐഒ ദേശീയ പ്രസിഡന്‍റ് ലബീദ് ഷാഫി, പിയുസിഎല്‍ നേതാവ് എന്‍ഡി പഞ്ചോലി, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം അഹ്മദ് എന്നിവര്‍‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍ആര്‍സി ഇരകളുടെ ജീവിതം പറയുന്ന സ്റ്റേറ്റ് ലെസ് ഡോക്യുമെന്‍ററിയുടെ പ്രദര്‍‍ശനവും നടന്നു.