LiveTV

Live

National

വീണ്ടും കൊഴിഞ്ഞുപോക്ക്; തലവേദനയൊഴിയാതെ കോണ്‍ഗ്രസ്

പി.സി.സികളിലെ പഴക്കമേറിയ നേതൃ തർക്കങ്ങളാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 

വീണ്ടും കൊഴിഞ്ഞുപോക്ക്; തലവേദനയൊഴിയാതെ കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള യുവനേതാക്കളുടെ എതിർപ്പും പാർട്ടി വിടലും കോൺഗ്രസിന് തലവേദനയാകുന്നു. ഹരിയാന മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവാറിന് പിന്നാലെ മഹാരാഷ്ട്ര മുൻ പി.സി.സി അധ്യക്ഷൻ സഞ്ജയ് നിരുപമും പാർട്ടി വിടാനൊരുങ്ങുകയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരെ തഴയുന്നു എന്നാണ് പ്രധാന ആരോപണം.

പി.സി.സികളിലെ പഴക്കമേറിയ നേതൃ തർക്കങ്ങളാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രചാരണമടക്കമുള്ളവയെയും തർക്കം ബാധിച്ചിട്ടുണ്ട്. ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയോടുള്ള അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി വിട്ട മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവാറിനൊപ്പം കോൺഗ്രസിന് ദലിത് വോട്ടുകൾ കൂടി നഷ്ടമാകും. ഹൂഡയുടെ സമ്മർദത്തിനു വഴങ്ങി കുമാരി ഷെൽജയെ അധ്യക്ഷ ആക്കിയത് ജാട്ട് വോട്ടുകൾ കണ്ടായിരുന്നു. കോൺഗ്രസ് വോട്ടുകളിലെ വിള്ളൽ ബി.ജെ.പി ക്ക് മുന്നേറ്റം എളുപ്പമാക്കുകയാണ്.

മഹാരാഷ്ട്രയിലും സാഹചര്യം വ്യത്യസ്തമല്ല. പാർട്ടി വിടുമെന്ന സൂചന നൽകിയിരിക്കുകയാണ് മുൻ പി.സി.സി അധ്യക്ഷൻ സഞ്ജയ് നിരുപം. പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായിരുന്നു ഇരു നേതാക്കളും. രാഹുൽ ഗാന്ധികൊണ്ടു വന്നവരെ തഴയുന്നു എന്നതാണ് പ്രശ്നങ്ങൾക്കടിസ്ഥാനം. തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം കാഴ്ചയാണ് നിലവിലെ പ്രശ്നങ്ങളെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതികരണമെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തർക്കം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇരു സംസ്ഥാനങ്ങളിലും ഇതുവരെ അധ്യക്ഷ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ എത്താത്തതിലും പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്.