LiveTV

Live

National

ജമ്മുവിലെ നേതാക്കള്‍ക്ക് ഫറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയെയും സന്ദര്‍ശിക്കാന്‍ അനുമതി 

കഴിഞ്ഞ ദിവസം മോചിപ്പിച്ച നേതാക്കള്‍ക്കാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരായിരുന്ന ഫാറൂഖ് അബ്ദുല്ലയെയും ഒമര്‍ അബ്ദുല്ലയെയും കാണാന്‍ അനുമതി ലഭിച്ചത്

ജമ്മുവിലെ നേതാക്കള്‍ക്ക് ഫറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയെയും സന്ദര്‍ശിക്കാന്‍ അനുമതി 

നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജമ്മു മേഖലയിലെ നേതാക്കള്‍ക്ക് തടവില്‍ കഴിയുന്ന താഴ്‌വരയിലെ പാര്‍ട്ടി നേതാക്കളെ കാണാന്‍ ഗവര്‍ണറുടെ അനുമതി. ബ്‌ളോക്ക് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം മോചിപ്പിച്ച നേതാക്കള്‍ക്കാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരായിരുന്ന ഫാറൂഖ് അബ്ദുല്ലയെയും ഒമര്‍ അബ്ദുല്ലയെയും കാണാന്‍ അനുമതി ലഭിച്ചത്. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ഈ കൂടിക്കാഴ്ചകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ശ്രീനഗറില്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് ദേവേന്ദ്ര റാണ ഉള്‍പ്പടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ 15 നേതാക്കള്‍ക്കാണ് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് പാര്‍ട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയെയും ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ലയെയും സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയത്. കഴിഞ്ഞ 62 ദിവസമായി വീട്ടു തടങ്കലിലാണ് ഫാറൂഖും ഒമറും. ഞായറാഴ്ച കാലത്ത് ജമ്മുവില്‍ നിന്നും നേതാക്കള്‍ ശ്രീനഗറിലെത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് മദന്‍ മണ്‍ഡു അറിയിച്ചു. കശ്മീരില്‍ ഒക്‌ടോബറില്‍ നടക്കാനുള്ള ബ്‌ളോക്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഴികെയുള്ള സംഘടനകള്‍ പങ്കെടുക്കാനുള്ള സാധ്യത നേര്‍ത്തു വരുന്നതിനിടയിലാണ് ഗവര്‍ണറുടെ പുതിയ നീക്കം.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദല്‍ഹിയില്‍ നിന്നും ചെല്ലുന്നവരെ തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന പതിവ് പക്ഷെ ശ്രീനഗര്‍ വിമാനത്താളവത്തില്‍ തുടരുകയാണ്. മഗ്‌സെസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ടെയുടെ നേതൃത്വത്തില്‍ ശ്രീനഗറിലെത്തിയ ഖുദായി ഖിദ്മത്ത്കര്‍ സംഘത്തെയാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടാവുമെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ തിരിച്ചയച്ചത്.

താഴ്‌വരയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ തടവില്‍ നിന്ന് പുറത്തിറക്കാന്‍ ഭയപ്പെട്ടും സന്ദര്‍ശനത്തിനെത്തുന്ന വസ്തുാന്വേഷണ സംഘങ്ങളെ തടഞ്ഞും ശ്രീനഗറിലെ സാഹചര്യങ്ങള്‍ എത്രനാള്‍ മൂടിവെക്കാനാവുമെന്ന ചോദ്യമാണ് സന്ദീപ് പാണ്ടെയും സംഘവും ഉയര്‍ത്തുന്നത്.