Top

ജയ്‍ശ്രീരാമിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല; അടൂര്‍, മണിരത്‍നം, അനുരാഗ് കശ്യപ്... പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ കേസ്

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവര്‍ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്

MediaOne Logo

ubaid

ubaid

  • Updated:

    2019-10-04 05:42:42.0

Published:

4 Oct 2019 5:42 AM GMT

ജയ്‍ശ്രീരാമിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല; അടൂര്‍, മണിരത്‍നം, അനുരാഗ് കശ്യപ്... പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ കേസ്
X

ജയ്‍ശ്രീരാമിന്റെ പേരില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ്. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, ശുഭ മുദ്ഗല്‍, അപര്‍ണ സെന്‍ തുടങ്ങിയവര്‍‌ക്കെയതിരെയാണ് ബിഹാറിലെ മുസാഫര്‍പുര്‍ പൊലീസ് കേസെടുത്തത്.

ജയ് ശ്രീറാം വിളി കൊലവിളിയായി മാറിയിരിക്കുകയാണെന്ന് ഇവര്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവര്‍ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മുസാഫര്‍പുര്‍ പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓഝയാണ് കോടതിയെ സമീപിച്ചത്.

രാജ്യത്തിന്റെ പ്രതിച്ഛായ വികലമാക്കി, പ്രധാനമന്ത്രിയുടെ മികച്ച പ്രകടനത്തെ വിലകുറച്ചു കണ്ടു, വിഘടനവാദികളെ പിന്തുണച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ത്തു, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

TAGS :
Next Story