LiveTV

Live

National

തിരിച്ചിറപ്പള്ളിയിലെ കവര്‍ച്ച: അഞ്ച് പേര്‍ പിടിയില്‍  

വജ്രം, പ്ളാറ്റിനം, സ്വര്‍ണം ഉള്‍പ്പെടെ 13 കോടി രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കടയുടമ

തിരിച്ചിറപ്പള്ളിയിലെ കവര്‍ച്ച: അഞ്ച് പേര്‍ പിടിയില്‍  

തിരുച്ചിറപ്പള്ളി ലളിത ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 50 കോടി രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ വജ്രം, പ്ളാറ്റിനം, സ്വര്‍ണം ഉള്‍പ്പെടെ 13 കോടി രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കടയുടമ കിരണ്‍കുമാര്‍ അറിയിച്ചു.

ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഇതര സംസ്ഥാനക്കാര്‍ പുതുക്കോട്ടയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി. ലോഡ്ജില്‍ താമസിച്ചിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ മുറിയിലേക്ക് കയറിവന്ന മറ്റൊരാള്‍ പൊലീസിനെ കണ്ടയുടന്‍ രക്ഷപ്പെടാനായി രണ്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടി. തലയ്ക്ക് പരുക്കേറ്റ ഇയാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

സംഘത്തിലെ ഒരാളെ തിരുച്ചിറപ്പള്ളിയില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ബാക്കിയുള്ളവര്‍ രഹസ്യ സങ്കേതത്തിലാണ്. എന്നാല്‍ ഇവര്‍ തന്നെയാണോ മോഷണം നടത്തിയതെന്ന കാര്യം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് തിരുച്ചിറപ്പള്ളി ചത്രം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജ്വല്ലറിയുടെ ചുമര് തുരന്ന് മുഖംമൂടി ധരിച്ച സംഘം മോഷണം നടത്തിയത്.

Also read: തിരുച്ചിറപ്പള്ളിയില്‍ അമ്പത് കോടിയുടെ സ്വര്‍ണ കവര്‍ച്ച