LiveTV

Live

National

ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ കൊല്ലപ്പെടുക 10 കോടിയിലേറെ പേര്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ കൊല്ലപ്പെടുക 10 കോടിയിലേറെ പേര്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവയുദ്ധമുണ്ടായാല്‍ 10 കോടിയിലേറെ ജനങ്ങള്‍ കൊല്ലപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. ബോംബ് പതിക്കുന്ന സ്ഥലങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനാകെ ഭീഷണിയായിരിക്കും ആ യുദ്ധമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ അമേരിക്കയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസര്‍ അലന്‍ റൊബോക് മുന്നറിയിപ്പ് നല്‍കുന്നു.

സയന്‍സ് അഡ്വാന്‍സസ് എന്ന പ്രസിദ്ധീകരണമാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025ഓടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടാകാനിടയുള്ള യുദ്ധത്തിന്‍റെ പ്രത്യാഘാതത്തെ കുറിച്ചാണ് റിപ്പോര്‍ട്ട്. കശ്മീരിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. 2025ഓടെ 400 മുതല്‍ 500 ആണവായുധങ്ങള്‍ വരെ ഇരു രാജ്യങ്ങളും ശേഖരിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആണവായുധ പ്രയോഗം ആഗോളതലത്തിലെ കാലാവസ്ഥയെ തന്നെ തകിടം മറിക്കും. ആണവായുധം പ്രയോഗിച്ചാല്‍ 16 മുതല്‍ 36 മില്യണ്‍ കാര്‍ബണ്‍ പുകപടലങ്ങള്‍ അന്തരീക്ഷത്തിന്‍റെ ഉപരി മണ്ഡലത്തില്‍ എത്തുകയും ലോകമാകെ വ്യാപിക്കുകയും ചെയ്യും. കാര്‍ബണ്‍ പൊടിപടലങ്ങള്‍ സോളാര്‍ റേഡിയേഷനെ ആഗിരണം ചെയ്യുകയും വായു മണ്ഡലത്തെ ചൂട് പിടിപ്പിക്കുകയും ചെയ്യും. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് 20-35 ശതമാനം വരെ കുറയും. ലഭിക്കുന്ന മഴയുടെ അളവ് 15-30 ശതമാനം കുറയും. സസ്യജാലങ്ങളുടെ വളര്‍ച്ചയും 15-30 ശതമാനം കുറയും. കടല്‍ വിഭവങ്ങളാകട്ടെ 5-15 ശതമാനം വരെ കുറയും. ആണവായുധ പ്രയോഗത്തിന്‍റെ ദുരിതത്തില്‍ നിന്നും കരകയറാന്‍ 10ല്‍ അധികം വര്‍ഷങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പല രാജ്യങ്ങള്‍ക്കും ആണവായുധങ്ങളുണ്ട്. പക്ഷേ ഇന്ത്യയും പാകിസ്താനും മാത്രമാണ് ആണവായുധങ്ങളുടെ എണ്ണം ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്. കശ്മീരിന്‍റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണവായുധ പ്രയോഗത്തിന്‍റെ പരിണിതഫലങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആണവായുധ പ്രയോഗമുണ്ടായാല്‍ 5 - 12.5 കോടി ജനങ്ങള്‍ ഒരാഴ്ചക്കകം വെന്തുമരിക്കും. പട്ടിണി പോലുള്ള അനന്തര ഫലങ്ങള്‍ കൊണ്ടും നിരവധി ജീവനുകള്‍ പൊലിയും. രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.