LiveTV

Live

National

ബിഹാർ പ്രളയം: ബി.ജെ.പി എം.പി സഞ്ചരിച്ച ചങ്ങാടം മറിഞ്ഞു 

ടയർ ട്യൂബുകളും മുളയും കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ പുഴകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. എം.പിക്കൊപ്പം രണ്ട് കുട്ടികളടക്കം ഏഴുപേരുണ്ടായിരുന്നു.

ബിഹാർ പ്രളയം: ബി.ജെ.പി എം.പി സഞ്ചരിച്ച ചങ്ങാടം മറിഞ്ഞു 

ബിഹാറിൽ രൂക്ഷമായി തുടരുന്ന പ്രളയത്തിനിടെ ബി.ജെ.പി എം.പി രാം കൃപാൽ യാദവ് സഞ്ചരിച്ച ചങ്ങാടം മറിഞ്ഞു. തന്റെ മണ്ഡലമായ പാടലീപുത്രയിൽ പ്രളയ സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് രാം കൃപാലും കൂടെയുള്ളവരും വെള്ളത്തിൽ വീണത്. നാട്ടുകാർ കൃത്യസമയത്ത് ഇടപെട്ട് എം.പിയെ രക്ഷിച്ചു.

ടയർ ട്യൂബുകളും മുളയും കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ പുഴകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. എം.പിക്കൊപ്പം രണ്ട് കുട്ടികളടക്കം ഏഴുപേരുണ്ടായിരുന്നു. ചങ്ങാടം നീങ്ങിത്തുടങ്ങിയ അധികദൂരം പിന്നിടുംമുമ്പെയാണ് ബാലൻസ് തെറ്റി മറിഞ്ഞത്. ഇക്കാരണത്താൽ ആളപായമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർക്ക് കഴിഞ്ഞു.

ചങ്ങാടത്തിൽ കയറരുതെന്ന് എം.പിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്ന് ചില നാട്ടുകാർ പറഞ്ഞു. അപകടത്തിനു ശേഷം രാം കൃപാൽ യാദവിനെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. സംസ്ഥാന സർക്കാർ പട്‌ന നഗരത്തിനു മാത്രമാണ് ശ്രദ്ധ നൽകുന്നതെന്നും ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി നേരിട്ടറിയാനാണ് താൻ പോയതെന്നും രാം കൃപാൽ പറഞ്ഞു. ബോട്ട് ലഭിക്കാത്തതിനാലാണ് തനിക്ക് ചങ്ങാടത്തിൽ കയറേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ 28 മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായത്. ഇതിനകം 55 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. പ്രളയം നേരിടുന്നതിൽ ബി.ജെ.പി സഖ്യകക്ഷിയായ നിതീഷ് കുമാർ സർക്കാർ പരാജയമാണെന്ന് വിമർശനമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ നിതീഷ് കുമാർ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയിരുന്നു.

Also read: “അമേരിക്കയില്‍ പോലും പ്രളയമുണ്ടായിട്ടില്ലേ?” മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കറി നിതീഷ് കുമാര്‍