LiveTV

Live

National

മുംബൈ ബി.ജെ.പി അദ്ധ്യക്ഷന്റെ പേരിൽ 441 കോടി രൂപയുടെ സ്വത്ത് 

ചൊവ്വാഴ്‍ച്ച തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സാമ്പത്തിക ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

മുംബൈ ബി.ജെ.പി അദ്ധ്യക്ഷന്റെ പേരിൽ 441 കോടി രൂപയുടെ സ്വത്ത് 

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബി.ജെ.പി അദ്ധ്യക്ഷന്‍ മംഗൽ പ്രഭാത് ലോധയുടെ പേരിൽ 441 കോടി രൂപയുടെ സ്വത്തുവകകളുള്ളതായി വെളിപ്പെടുത്തൽ.

ചൊവ്വാഴ്‍ച്ച തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സാമ്പത്തിക ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

63കാരനായ മുൻ എം.എൽ.എ ആറാം തവണയാണ് സൗത്ത് മുംബൈയിലെ സമ്പന്ന മേഖലയായ മലബാർ ഹില്ലിൽ നിന്നും ജനവിധി തേടുന്നത്. സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചതനുസരിച്ച് ലോധക്കും അദ്ദേഹത്തിന്റെ ഭാര്യക്കുമായി 252 കോടി രൂപ മൂല്യമുള്ള ജംഗമ സ്വത്തുക്കളും, 189 കോടിയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്. 14 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ജാഗ്വാറും മറ്റു നിക്ഷേപങ്ങളുമുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് തെക്കൻ മുംബൈയിൽ അഞ്ച് അപ്പാർട്ടുമെന്റുകളും ഒരു പ്ലോട്ടും ഉള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഒരു വീടും മലബാർ ഹിൽ മേഖലയിൽ തന്നെ ലോധയുടേയും, ഭാര്യയുടേയും പേരിലുണ്ട്. അതിനു പുറമേ ഭാര്യയുടെ പേരിൽ മാത്രമായി തെക്കൻ മുംബൈയിൽ ഒരു ഫ്ലാറ്റും വാണിജ്യ സമുച്ചയവുമുള്ളതായും കണക്കുകൾ സൂചിപ്പിക്കുന്നു.

സത്യവാങ്മൂലമനുസരിച്ച് ലോധക്കെതിരെ തീർപ്പാകാത്ത അഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒക്ടോബർ 21 നാണ് മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 നാണ് വോട്ടെണ്ണൽ.