LiveTV

Live

National

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഇനി കോടതി നടപടികളില്‍ പങ്കെടുക്കില്ല; ഇഷ്‌റത്ത്‌ ജഹാന്റെ മാതാവ് 

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്ത പശ്ചാതലത്തിലാണ് ഷമീമ കത്തയച്ചിരിക്കുന്നത്.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഇനി കോടതി നടപടികളില്‍ പങ്കെടുക്കില്ല; ഇഷ്‌റത്ത്‌  ജഹാന്റെ മാതാവ് 

പ്രതീക്ഷകളെല്ലാം തകര്‍ന്നതിനാല്‍ ഇനി കോടതി നടപടികളില്‍ പങ്കെടുക്കില്ലെന്ന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ഇഷ്‌റത്ത്‌ ജഹാന്റെ മാതാവ് ഷമീമ കൗസര്‍. കേസില്‍ വാദം നടക്കുന്ന പ്രത്യേക സി.ബി.ഐ കോടതിക്ക് മുമ്പാകെയാണ് ഷമീമ ഇക്കാര്യം വ്യക്തമാക്കി കത്ത് കൈമാറിയത്. കത്ത് പ്രത്യേക സി.ബി.ഐ ജഡ്ജ് ആര്‍.കെ ചുദാവാല സ്വീകരിച്ചതായി ഷമീമയുടെ അഭിഭാഷകന്‍ ഷംസാദ് പത്താന്‍ അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്ത പശ്ചാതലത്തിലാണ് ഷമീമ കത്തയച്ചിരിക്കുന്നത്.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടുത്തു, സർക്കാരിന്റെ എല്ലാ സഹായങ്ങളുമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരോടാണ് ഞാൻ പോരാടിയത്, 15 വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ യാതൊരു ചലനവുമുണ്ടായിട്ടില്ല. കൊലക്കേസ് പ്രതികളായിട്ടും ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചു. ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ലാത്ത ഇഴഞ്ഞുനീങ്ങുന്ന ഈ കേസ്‌ എന്നെ ആകെ തളർത്തിയെന്നും ഷമീമ പറയുന്നു.

എനിക്കറിയാം എന്റെ മകളുടെ കൊലപാതകത്തിന് പിന്നിലൊരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന്, എന്റെ മകള്‍ നീതി അര്‍ഹിക്കുന്നു, തെറ്റെന്ത് ചെയ്താലും കുഴപ്പമില്ലെന്ന തരത്തിലുള്ള സംസ്കാരം മാറേണ്ടിയിരിക്കുന്നു, എന്റെ ഒറ്റയാള്‍ പോരാട്ടംകൊണ്ടതിന് സാധിക്കില്ലെന്നും ഷമീമ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

2004 ജൂൺ 15-നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ എത്തിയ ലഷ്കറെ ത്വയിബ തീവ്രവാദികളാണെന്നാരോപിച്ച് ഇഷ്‌റത്തുള്‍പ്പെടെ നാലുപേരെ ഗുജറാത്ത് പോലീസിലെ തീവ്രവാദിവിരുദ്ധ വിഭാഗം വെടിവെച്ചുകൊന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തി. കേസില്‍ പതിനൊന്ന് പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ നാല് ഐ.ബി. ഉദ്യാഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് അനുമതി നൽകിയില്ല. മുൻ ഡി.ജി.പി. പി.പി. പാണ്ഡെയെ കോടതി വെറുതെവിടുകയും ചെയ്തു.

ഐ.പി.എസ്. ഉദ്യോഗസ്ഥരായിരുന്ന ഡി.ജി. വൻസാര, എൻ.കെ. അമീൻ എന്നിവർക്ക് പങ്കുള്ളതിനാൽ വിചാരണ നേരിടണമെന്ന് ആദ്യം കോടതി ഉത്തരവിട്ടതാണ്. എന്നാൽ, ഇവരുടെ പ്രോസിക്യൂഷന് സർക്കാർ അനുവാദം നൽകാത്തതിനാൽ കുറ്റവിമുക്തരാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന വകുപ്പ് പ്രകാരമാണ് ഈ നടപടി. അവശേഷിക്കുന്ന പ്രതികളും ഇതെ വകുപ്പിന്റെ ആനുകൂല്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.