LiveTV

Live

National

പൗരത്വ രജിസ്റ്റർ: ഒഴിവാക്കപ്പെട്ടവർക്ക് നിയമസഹായവുമായി ദേശീയ നിയമപഠന കേന്ദ്രങ്ങൾ 

19,06,657 പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നാല് മാസത്തിനകം ഫോറീനേഴ്‌സ് ട്രിബ്യൂണലിൽ അപ്പീൽ നൽകാൻ ഇവർക്ക് അവസരമുണ്ട്. 

പൗരത്വ രജിസ്റ്റർ: ഒഴിവാക്കപ്പെട്ടവർക്ക് നിയമസഹായവുമായി ദേശീയ നിയമപഠന കേന്ദ്രങ്ങൾ 

ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) ഉൾപ്പെടാതെ പോയ 19 ലക്ഷത്തിലധികം പേർക്ക് നിയമസഹായം നൽകാനുള്ള സന്നദ്ധതയുമായി വിവിധ നിയമപഠന സ്ഥാപനങ്ങൾ. 'പരിചയ്' എന്ന പേരിലുള്ള കൂട്ടായ്മയുമ രൂപീകരിച്ചാണ് പൗരത്വനഷ്ടത്തിന്റെ ഭീഷണിയിലുള്ളവർക്ക് നിയമസഹായം നൽകുന്നത്. നാഷണൽ ലോ യൂനിവേഴ്‌സിറ്റി, അസം ജുഡീഷ്യൽ അക്കാദമി, വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസ്, നൽസാർ യൂനിവേഴ്‌സിറ്റി ഓഫ് ലോ ഹൈദരാബാദ്, നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി, നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഒഡിഷ എന്നിവ ചേർന്നാണ് 'പരിചയ്' രൂപീകരിച്ചിരിക്കുന്നത്. മറ്റ് നിയമപഠന സ്ഥാപനങ്ങളും സംരംഭവുമായി സഹകരിക്കുമെന്നാണ് കരുതുന്നത്.

19,06,657 പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നാല് മാസത്തിനകം ഫോറീനേഴ്‌സ് ട്രിബ്യൂണലിൽ അപ്പീൽ നൽകാൻ ഇവർക്ക് അവസരമുണ്ട്. എന്നാൽ, നിയമനടപടി നടത്താൻ ആവശ്യമായ സാമ്പത്തികശേഷി ഇവരിൽ പലർക്കുമില്ല. ഈ പശ്ചാത്തലത്തിലാണ് 'പരിചയ്' രംഗത്തുവന്നിരിക്കുന്നത്. നിലവിൽ അംഗമായ സ്ഥാപനങ്ങൾ ഓരോ ഫാക്കൽറ്റി അഡൈ്വസർമാരെ പരിചയിന്റെ ഭാഗമാക്കിയിട്ടുണ്ട്. അസം തലസ്ഥാനമായ ഗുവാഹതിയായിരിക്കും പരിചയിന്റെ ആസ്ഥാനം. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥി വളണ്ടിയർമാരുമായി ചേർന്നായിരിക്കും ഇവരുടെ പ്രവർത്തനം.

എൻ.ആർ.സിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെതിരെ അപ്പീൽ നൽകുന്ന അഭിഭാഷകർക്ക് നിയമോപദേശം നൽകുക, ഹരജി സമർപ്പിക്കാൻ സഹായിക്കുക, ഗവേഷണം നടത്തുക, അഭിഭാഷകരെയും അർധഅഭിഭാഷകരെയും സഹായിക്കുക, ഫോറീനേഴ്‌സ് ട്രിബ്യൂണലിന്റെ പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ ഉണ്ടാക്കുക തുടങ്ങിയവയാവും പരിചയിന്റെ പ്രവർത്തന മേഖല. തെറ്റായ നടപടിയിലൂടെ ഒരാൾക്കും ഇന്ത്യൻ പൗരത്വം നഷ്ടമാകാൻ പാടില്ലെന്നും ലക്ഷക്കണക്കിന് മനുഷ്യർ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ ഇതുകൊണ്ട് കഴിയുമെന്നാണ് കരുതുന്നതെന്നും നൽസാർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്ലർ പ്രൊഫ. ഫൈസാൻ മുസ്തഫ പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിലൊരു കൂട്ടായ്മ രൂപപ്പെടുന്നതെന്നും നിയമസഹായമില്ലാതെ ആരും കഷ്ടപ്പെടരുതെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലെന്നും അസം നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്ലർ പ്രൊഫ. ജെ.എസ് പാട്ടീൽ കൂട്ടിച്ചേർത്തു.

സഹകരിച്ചു പ്രവർത്തിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പരിചയ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. https://www.parichay.org.in/ ലൂടെ വളണ്ടിയര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സെലക്ഷൻ പ്രക്രിയയിലൂടെ വളണ്ടിയർമാരുടെ കോർ ടീം രൂപീകരിച്ച ശേഷം ഒക്ടോബർ പകുതിയോടെ ഗവേഷണ, പഠനങ്ങൾ ആരംഭിക്കും. നിയമപഠന സ്ഥാപനങ്ങളുടെ ലീഗൽ എയ്ഡ് ബജറ്റിൽ നിന്നായിരിക്കും ഇതിനുള്ള ഫണ്ട് ലഭ്യമാക്കുക.