LiveTV

Live

National

ജമ്മുവിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടു തടങ്കല്‍ അവസാനിപ്പിക്കുന്നു; കശ്‍മീര്‍ നേതാക്കളുടേത് തുടരും

ഒക്‌ടോബര്‍ 22ന് നടക്കുന്ന ബ്‌ളോക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ്

ജമ്മുവിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടു തടങ്കല്‍ അവസാനിപ്പിക്കുന്നു; കശ്‍മീര്‍ നേതാക്കളുടേത് തുടരും

ബ്ലോക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടു തടങ്കല്‍ അവസാനിപ്പിച്ചതായി സൂചന. എന്നാല്‍ കശ്മീരിലെ നേതാക്കള്‍ വീട്ടു തടങ്കലില്‍ തുടരും. നാണഷല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതാക്കളാണ് 370ാം വകുപ്പ് റദ്ദാക്കിയതിനു തൊട്ടു പുറകെ തടവിലായത്.

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മഹ്ബൂബാ മുഫ്തി തുടങ്ങി 400ലേറെ രാഷ്ട്രീയ നേതാക്കളാണ് കഴിഞ്ഞ രണ്ടുമാസമായി തടവില്‍ കഴിയുന്നത്. ഫാറൂഖ് അബ്ദുല്ലക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയപ്പോള്‍ മറ്റു നേതാക്കളുടെ കാര്യത്തില്‍ തടവിലിടാനുള്ള വ്യക്തമായ കാരണം സര്‍ക്കാര്‍ ഇതുവരെയും സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടില്ല. ഐ.എ.എസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ സജ്ജാദ് ഫൈസലിനെ പോലുള്ള പുതിയ തലമുറ നേതാക്കളും തടവിലുള്ളവരില്‍ പെടും. ഒക്‌ടോബര്‍ 22ന് നടക്കുന്ന ബ്‌ളോക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ജമ്മുമേഖലയിലെ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ദേവേന്ദ്ര റാണ, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, സുര്‍ജീത് സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ രമണ്‍ ബല്ല, വികാര്‍ റസൂല്‍, നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവ് ഹര്‍ഷ്‌ദേവ് സിംഗ് മുതലായവര്‍ ഇതില്‍ പെടും. അതേസമയം ഈ പാര്‍ട്ടികള്‍ക്ക് വിജയിപ്പിക്കാനായ പഞ്ചായത്ത് അംഗങ്ങള്‍ ബ്‌ളോക്ക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.