LiveTV

Live

National

എൻ.ആർ.സിയുടെ ലക്ഷ്യം മുസ്ലിംകളെന്ന് സൂചിപ്പിച്ച് അമിത് ഷാ, മറുപടിയുമായി യെച്ചൂരി 

ജാതി, മത, ലിംഗ, വർണ, വിശ്വാസ, തൊഴിൽഭേദമന്യേ ഇന്ത്യ ഇക്കാരുടേതാണെന്നും ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തരമന്ത്രി ഉപേക്ഷിക്കണമെന്നും യെച്ചൂരി 

എൻ.ആർ.സിയുടെ ലക്ഷ്യം മുസ്ലിംകളെന്ന് സൂചിപ്പിച്ച് അമിത് ഷാ, മറുപടിയുമായി യെച്ചൂരി 

കൊൽക്കത്ത: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എൻ.ആർ.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. കൊൽക്കത്തയിൽ എൻ.ആർസി സംബന്ധിച്ച സെമിനാറിൽ സംസാരിക്കവെയാണ് മുസ്‍ലിംകളെ നേരിട്ട് പരാമര്‍ശിക്കാതെ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ആര്‍.സി നടപ്പിലായാല്‍ ഹിന്ദുക്കള്‍ അടക്കമുള്ള കുടിയേറ്റക്കാരും പുറത്താകുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ പേടിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.

'ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഞാൻ ഉറപ്പുനൽകുന്നു, നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. എൻ.ആർ.സിക്കു മുമ്പ് ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും. അതുവഴി ഈ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങൾ (ബി.ജെ.പി പ്രവർത്തകർ) ഇക്കാര്യം അവരുടെ വീടുകളിൽ പോയി പറയണം. ' - അമിത് ഷാ പറഞ്ഞു.

ബംഗാളിൽ എൻ.ആർ.സി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് മമതാ ബാനർജി പറയുന്നു. ഇത് വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള നടപടിയാണ്. മമതാ ബാനർജി എത്ര എതിർത്താലും ബംഗാളിൽ എൻ.ആർ.സി നടപ്പിലാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ ബി.ജെ.പിക്ക് 18 സീറ്റ് നൽകിയത് ഇതിനാണ്. കുടിയേറ്റക്കാരെ തെരഞ്ഞെടു പിടിച്ച് പുറത്താക്കും. ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്‌നമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും ബംഗാളിനെ സംബന്ധിച്ച് ബി.ജെ.പി അന്യപാർട്ടിയാണെന്ന പ്രചരണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ജാതി, മത, ലിംഗ, വർണ, വിശ്വാസ, തൊഴിൽഭേദമന്യേ ഇന്ത്യ ഇക്കാരുടേതാണെന്നും ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തരമന്ത്രി ഉപേക്ഷിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

'സവർക്കറും ജിന്നയും മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര സിദ്ധാന്തം ഇന്ത്യ തള്ളിക്കളഞ്ഞതാണ്. അതാണ് നമ്മുടെ ഭരണഘടനാ തത്വം. ജാതി, മത, ലിംഗ, വർണ, ഭക്ഷ്യശീല, തൊഴിൽ, രാഷ്ട്രീയ വിശ്വാസ ഭേദമന്യേ ഇന്ത്യ എല്ലാ ഇന്ത്യക്കാർക്കുമുള്ളതാണ്. എല്ലാ മതങ്ങൾ എന്നു പറഞ്ഞാൽ എല്ലാ മതങ്ങളും എന്നുതന്നെയാണ്. ജൂതന്മാർ, പാർസികൾ, ഹിന്ദുക്കൾ, യഹോവയുടെ സാക്ഷികൾ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധിസ്റ്റുകൾ, വിശ്വാസമില്ലാത്തവർ, മറ്റെല്ലാവരും. ഇന്ത്യക്കാരനാവുക എന്നത് പരിശോധിക്കാനുള്ള ഒരു നിയമവും ഇല്ല. വിഭജനമുണ്ടാക്കുകയും ഇന്ത്യക്ക് അപകടമുണ്ടാക്കുകയും ഇന്ത്യക്കാരെ വേദനിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ആഭ്യന്തരമന്ത്രി പിന്മാറണം.'