LiveTV

Live

National

മോദിയുടെ ‘വീണ്ടും ട്രംപ് സര്‍ക്കാര്‍’ പരാമര്‍ശം: വിശദീകരണവുമായി വിദേശകാര്യമന്ത്രി

മോദിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

 മോദിയുടെ ‘വീണ്ടും ട്രംപ് സര്‍ക്കാര്‍’ പരാമര്‍ശം: വിശദീകരണവുമായി വിദേശകാര്യമന്ത്രി

അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടയിൽ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ‘ഒരിക്കൽ കൂടി ട്രംപ് സർക്കാർ’ എന്ന ഡൊണാൾഡ് ട്രംപിന്റെ മുദ്രാവാക്യമാണ് മോദി പരാമര്‍ശിച്ചത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുത്. ഇന്ത്യ അമേരിക്കൻ രാഷ്ട്രീയത്തില്‍ പക്ഷം പിടിക്കുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൗഡി മോദി പരിപാടിക്കെത്തിയ ട്രംപിനെ ഒരിക്കൽ കൂടി ട്രംപ് സർക്കാർ എന്ന് വിശേഷിപ്പിച്ചാണ് മോദി സ്വാഗതം ചെയ്തത്. 2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ട്രംപിന് വോട്ട് അഭ്യര്‍ഥിച്ചു എന്ന വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രിയുടെ വിശദീകരണം.

പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. പ്രസിഡൻറ് സ്ഥാനാര്‍ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് മോദി ചെയ്തത്. അത് തെറ്റായി വ്യാഖ്യാനിക്കരുത്. താൻ എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് മോദിക്ക് വ്യക്തതയുണ്ടെന്നും ജയശങ്കർ പറഞ്ഞു.

മോദി ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുകയുണ്ടായി. പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര നയങ്ങളുടെ ലംഘനമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.