LiveTV

Live

National

റിപ്പബ്ലിക് ടി.വിയെ നേരിടേണ്ടതെങ്ങനെ? റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എ.എ.പി നേതാവ്

‘ഇരട്ടത്താപ്പ് മാധ്യമപ്രവർത്തന’ത്തിന്റെ വക്താക്കളായ റിപ്പബ്ലിക് ടി.വിക്ക് അവരുടെ അതേരീതിയിൽ മറുപടി നൽകി താരമായിരിക്കുകയാണ് ആം ആദ്മി പാർട്ടി എം.പിയായ സഞ്ജയ് സിംഗ്. 

റിപ്പബ്ലിക് ടി.വിയെ നേരിടേണ്ടതെങ്ങനെ? റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എ.എ.പി നേതാവ്

കേന്ദ്ര സർക്കാറിനെയും വലതുപക്ഷ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നവരെ ആക്രമണാത്മക മാധ്യമപ്രവർത്തനത്തിലൂടെ നേരിടുന്നതാണ് അർണാബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ടി.വിയുടെ രീതി. തങ്ങളുടെ ഹിതങ്ങൾക്ക് വിരുദ്ധമായ നിലപാടുള്ള സാധാരണക്കാർ മുതൽ ജനപ്രതിനിധികൾ വരെയുള്ളവരെ പരസ്യമായി 'ദേശദ്രോഹി'കളായി മുദ്രകുത്താനും 'പാകിസ്താനിലേക്ക് അയക്കാനും' മടികാണിക്കാത്ത റിപ്പബ്ലിക് ടി.വി നരേന്ദ്ര മോദി സർക്കാറിനെയം ബി.ജെ.പിയെയും സംരക്ഷിച്ചുകൊണ്ടുള്ള വാർത്തകളാണ് നൽകാറുള്ളത്.

'ഇരട്ടത്താപ്പ് മാധ്യമപ്രവർത്തന'ത്തിന്റെ വക്താക്കളായ റിപ്പബ്ലിക് ടി.വിക്ക് അവരുടെ അതേരീതിയിൽ മറുപടി നൽകി താരമായിരിക്കുകയാണ് ആം ആദ്മി പാർട്ടി എം.പിയായ സഞ്ജയ് സിംഗ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നയങ്ങളെ ചോദ്യം ചെയ്ത് തന്നെ സമീപിച്ച റിപ്പബ്ലിക് ടി.വി റിപ്പോർട്ടറെ, മുതിർന്ന ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബിരുദവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വാർത്ത എന്തുകൊണ്ട് നിങ്ങൾ സംപ്രേഷണം ചെയ്യുന്നില്ല എന്ന മറുചോദ്യവുമായാണ് സഞ്ജയ് സിംഗ് നേരിട്ടത്.

''ചിന്മയാനന്ദിന്റെ ബലാത്സംഗം നിങ്ങൾ വാർത്തയാക്കാത്തത് എന്തുകൊണ്ടാണ്? അർണാബ് ഗോസ്വാമി എന്തിനാണ് പേടിക്കുന്നത്? ബലാത്സംഗിയെ പേടിയാണോ? ചിന്മയാനന്ദിന്റെ പേര് എങ്കിലും പറയൂ... ബലാത്സംഗ പരാതി നൽകിയതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട പെൺകുട്ടിയെക്കുറിച്ച് നിങ്ങൾ വാർത്ത നൽകിയോ? ബലാത്സംഗിയും അർണാബ് ഗോസ്വാമിയും തമ്മിലുള്ള ബന്ധമെന്താണ്? ബലാത്സംഗം ചെയ്തയാൾക്കെതിരെ പെൺകുട്ടി പരാതി നൽകിയത് വാർത്തയാക്കാതിരുന്നതിൽ നിങ്ങൾക്ക് നാണമില്ലേ? ആ സ്ത്രീക്ക് നീതി ലഭിക്കണ്ടേ? ഗുജറാത്തിലെ സൂറത്തിൽ ബിഹാറുകാർക്കെതിരെ നടന്ന അക്രമങ്ങൾ നിങ്ങൾ വാർത്തയാക്കിയോ? അർണബ് ഗോസ്വാമി ബി.ജെ.പിയുടെ പ്രചാരകനാണോ? ബി.ജെ.പി നേതാവായ അർണബ് ഗോസ്വാമി എവിടെയാണിപ്പോൾ?'' എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് സഞ്ജയ് സിംഗ് റിപ്പബ്ലിക് റിപ്പോർട്ടറുടെ ചോദ്യങ്ങളെ നേരിട്ടത്. ഈ സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹുമാനമില്ലാതെ ചോദ്യങ്ങൾ ചോദിക്കുന്ന റിപ്പബ്ലിക് ടി.വിക്കും അർണബ് ഗോസ്വാമിക്കും ഇത്തരത്തിലുള്ള തിരിച്ചടി മുമ്പും നേരിടേണ്ടി വന്നിട്ടുണ്ട്. ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി തന്നെ ചോദ്യം ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വി റിപ്പോട്ടര്‍ പ്രിയങ്ക ശർമയെ, നരേന്ദ്ര മോദി സർക്കാറിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് വെള്ളംകുടിപ്പിച്ചിരുന്നു. അർണബിന്റെ 'അലർച്ച'യോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് കെ.കെ കേരള ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, ചലച്ചിത്ര സംവിധായക അപർണ സെൻ തുടങ്ങിയവരും വ്യത്യസ്ത അവസരങ്ങളിൽ വ്യക്തമാക്കുകയുണ്ടായി.

Also read: ഇത് മാധ്യമ പ്രവർത്തനമാണെങ്കിൽ ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി; അർണാബ് ഗോസ്വാമിയെ പരിഹസിച്ച് ബർഖ ദത്ത്