LiveTV

Live

National

ഭരണഘടന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരെയും ഒഴിവാക്കുന്ന രീതിയല്ല പാര്‍ട്ടിയുടേതെന്ന് യെച്ചൂരി 

മുസ്ലിം ലീഗിനെ ഇപ്പോഴും മതേതര പ്രസ്ഥാനമായി അംഗീകരിക്കുന്നില്ലേയെന്ന ചോദ്യത്തിനാണ് യെച്ചൂരിയുടെ മറുപടി

ഭരണഘടന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരെയും ഒഴിവാക്കുന്ന രീതിയല്ല പാര്‍ട്ടിയുടേതെന്ന് യെച്ചൂരി 

ഭരണഘടന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരെയും ഒഴിവാക്കുന്ന രീതിയല്ല പാര്‍ട്ടിയുടേതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ ഇപ്പോഴും മതേതര പ്രസ്ഥാനമായി അംഗീകരിക്കുന്നില്ലേയെന്ന ചോദ്യത്തിനാണ് യെച്ചൂരിയുടെ മറുപടി.

സി.എച്ച് അനുസ്മരണ പരിപാടിയില്‍ സംസാരിച്ച് കഴിഞ്ഞ ശേഷം സദസിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടന മൂല്യങ്ങളില് വിശ്വസിക്കുന്ന ആരെയും പുറത്താക്കുന്ന സമീപനമല്ല സി.പി.എമ്മിന്റേതെന്ന് യെച്ചൂരി പറഞ്ഞു.

മുസ്ലിംലീഗിനെ ഇപ്പോഴും സി.പി.എം മതേതര പ്രസ്ഥാനമായി അംഗീകരിക്കുന്നില്ലേയെന്നും എന്തുകൊണ്ടാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ എം.എസ്.എഫിനെ സഖ്യത്തിലെടുക്കാതിരുന്നതെന്നും ചോദിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലേത് സീറ്റ് വിഭജനമടക്കമുള്ള പ്രശ്നങ്ങളായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകശിലാത്മക രാഷ്ട്രം ഉണ്ടാക്കിയെടുക്കാനുള്ള നീക്കമാണ് രാജ്യത്ത് ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്നത്. നീതിന്യായ വ്യവസ്ഥ പോലും തല തിരിഞ്ഞിരിക്കുന്നു. ഒരാളെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹരജി നല്കിയിട്ടും നേരിട്ട് പോയി പരിശോധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ കേരളത്തെ വേറിട്ട് നിര്‍ത്തിയത് സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി എ. സമ്പത്ത്, മുസ്ലിം ലീഗ് ദേശീയ നേതാവ് ഖുര്റം അനീസ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരും സി.എച്ച് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.