LiveTV

Live

National

തമിഴ്‍നാട്ടില്‍ മോദിക്കെതിരെ വീണ്ടും ട്വിറ്റര്‍ കാമ്പയിന്‍

മദ്രാസ് ഐ.ഐ.ടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്

തമിഴ്‍നാട്ടില്‍ മോദിക്കെതിരെ വീണ്ടും ട്വിറ്റര്‍ കാമ്പയിന്‍

തമിഴ്നാട്ടിലെത്തിയ മോദിക്കെതിരെ പ്രതിഷേധവുമായി ഹാഷ്ടാഗ് കാമ്പയിന്‍. ട്വിറ്ററില്‍ ഇതിനായി #GoBackModi എന്ന ഹാഷ്ടാഗാണ് ഉപയോഗിക്കുന്നത്. ഇന്നു രാവിലെ മുതല്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയ ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗുകളുടെ പട്ടികയില്‍ മുന്‍നിരയിലെത്തി കൈയ്യടക്കി. ഒരു ലക്ഷത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗ് വെച്ചുണ്ടായിരിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്.

മോദിവിരുദ്ധ ഹാഷ്ടാഗിനു വന്‍ സ്വീകാര്യത ലഭിച്ചതോടെ ബി.ജെ.പിക്കാര്‍ #TNWelcomesModi എന്ന മറുപടി ഹാഷ്ടാഗുമായി രംഗത്തെത്തി.

യു.എസിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസം നടന്ന 'ഹൗഡി മോദി' പരിപാടിക്കെതിരെ പ്രതിഷേധിച്ചവരും #GoBackModi ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു. ഫെബ്രുവരിയില്‍ മോദി ആന്ധ്രാപ്രദേശില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഭരണകക്ഷിയായ ടി.ഡി.പി ഇതുപയോഗിച്ചിരുന്നു. ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കാനുള്ള തീരുമാനം വേണ്ടെന്നു വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തുകൊണ്ടായിരുന്നു അത്.

മുമ്പും #GoBackModi ഹാഷ്ടാഗ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നു. 2018 ഏപ്രിലില്‍ മോദി തമിഴ്‌നാട് സന്ദര്‍ശിക്കവെ പ്രതിപക്ഷ പാര്‍ട്ടികളും തമിഴ് അനുകൂല സംഘടനകളും വ്യക്തികളും ഇതുപയോഗിച്ചിരുന്നു.

സംസ്ഥാനത്ത് ഗജ ചുഴലിക്കാറ്റ് വ്യാപകനഷ്ടമുണ്ടാക്കിയപ്പോൾ മോദി സഹായിക്കാൻ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിഷേധക്കാർ തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റ് മരിച്ചപ്പോൾ എവിടെയായിരുന്നു എന്ന് ചോദിച്ചിരുന്നു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂൺ പറത്തിയാണ് അന്ന് പ്രതിഷേധം നടന്നത്. ഇത് കണക്കിലെടുത്ത് ചെന്നൈ ഐ.ഐ.ടിയിലേക്കുള്ള മോദിയുടെ റോഡ് മാർഗമുള്ള യാത്ര ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് എത്തിച്ചത്.

2018 ജൂലൈയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാക്കെതിരെയും #GoBackAmitShah എന്ന ഹാഷ് ടാഗുപയോഗിച്ച് സമാനമായ പ്രതിഷേധം നടന്നിരുന്നു.