LiveTV

Live

National

താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി

മന്ത്രിക്കെതിരായ കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് താഹില്‍ രമണിക്കെതിരായ ആരോപണം

താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി

മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിക്കെതിരെ സി.ബി.ഐ അന്വേഷണം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയാണ് സിബിഐക്ക് നിർദേശം നൽകിയത്. നേരത്തെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് താഹിൽ രമണി രാജിവെച്ചിരുന്നു.

അനധികൃത സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് താഹിൽ രമണിക്കെതിരായ അന്വേഷണം. ചെന്നൈയ്ക്ക് പുറത്ത് താഹിൽ രമണി 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ലാറ്റുകൾ വാങ്ങി. ഒന്നര കോടി രൂപയുടെ ബാങ്ക് ലോൺ ഒഴികെയുള്ള തുകയുടെ സ്രോതസ്സ് സംബന്ധിച്ച് വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല. താഹിൽ രമണിയുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. കാരണം കാണിക്കാതെ വിഗ്രഹ മോഷണ കേസുമായി ബന്ധപ്പെട്ടുള്ള ബെഞ്ച് പിരിച്ചുവിട്ടു. തമിഴ്നാട് മന്ത്രിസഭയിലെ മുതിർന്ന അംഗത്തിനെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു നീക്കം.. എന്നിങ്ങനെയാണ് ഇന്റലിജൻസിന്റെ അഞ്ചു പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

നിയമപരമായ തുടർ നടപടികൾ സ്വീകരിക്കാനും ഐ.ബി സി.ബി.ഐയോട് നിർദേശിച്ചിരുന്നു. ഇതിനുള്ള അനുമതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സി.ബി.ഐക്ക് നൽകിയത്. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി രാജിവച്ച ശേഷമാണ് താഹിൽ രമണിക്കെതിര നടപടി.

ബിൽക്കിസ്‌ബാനു കേസിൽ 2017ൽ 11 പ്രതികളുടെ ജീവപര്യന്തം ശരിവച്ചത്‌ അന്ന് ബോംബെ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആയിരുന്ന താഹിൽ രമണി നേതൃത്വം നൽകിയ ഡിവിഷൻ ബെഞ്ചാണ്‌. ഇതിലുള്ള പ്രതികാരമാണ് താഹിൽ രമണിക്കെതിരായ നടപടി എന്ന ആരോപണവും ശക്തമാണ്.