LiveTV

Live

National

ഗുജറാത്ത് സര്‍ക്കാര്‍ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ്

കോടതി വിധിക്ക് ശേഷം വിജയ് രൂപാനി സർക്കാറിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു കുടുംബം

ഗുജറാത്ത് സര്‍ക്കാര്‍ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ്

കലാപം മുറിപ്പെടുത്തിയ ശേഷം ഇതുവരെയായും ഗുജറാത്ത് സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്ത് തന്നില്ലെന്ന് ബിൽക്കീസ് ബാനുവിന്റെ ഭർത്താവ്. 2002ലെ ഗുജറാത്ത് കലാപ സമയത്തെ അതിക്രമത്തെയും കൂട്ട ബലാൽസംഘത്തെയും അതിജീവിച്ച ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു ഭർത്താവ് യാക്കൂബ് റസൂൽ.

17 വർഷം ബിൽക്കീസ് ബാനു നരക ജീവിതം നയിക്കുകയായിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല. ഏപ്രിൽ 13ന് ഗുജറാത്ത് സർക്കാറിനോട് 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകാൻ നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിധി വന്ന് അഞ്ച് മാസമായിട്ടും ആരും തന്നെയോ കുടുംബത്തെയോ ബന്ധപ്പെട്ടില്ലെന്നും റസൂൽ പി.ടി.ഐയോട് പറഞ്ഞു.

കോടതി വിധിക്ക് ശേഷം വിജയ് രൂപാനി സർക്കാറിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു കുടുംബം. ഇതിനൊന്നും മറുപടി ലഭിക്കാതായതോടെയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചത്. ബില്‍ക്കിസ് ബാനുവിന് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന വിധി രണ്ടാഴ്ചക്കുള്ളിൽ നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായ ബെഞ്ച് ഉത്തരവിട്ടത്.