LiveTV

Live

National

‘എവിടെയാണ് നിയന്ത്രണം, അതെല്ലാം നിങ്ങളുടെ മനസ്സിലാണ്’; കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് അമിത് ഷാ

‘എവിടെയാണ് നിയന്ത്രണം, അതെല്ലാം നിങ്ങളുടെ മനസ്സിലാണ്’; കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് അമിത് ഷാ

കശ്മീരില്‍ നിയന്ത്രണങ്ങളാണെന്ന പ്രതിപക്ഷ വാദം തെറ്റാണെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിന്റെ സവിശേഷ അധികാരമായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും, സംസ്ഥാന വിഭജനം എന്നിവ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന നിലയില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിലെ 196 പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നിയന്ത്രണ ഉത്തരവുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഒമ്പത് പൊലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണ നിയമങ്ങള്‍ പ്രാബല്യത്തിലുള്ളതെന്നും ഇവിടങ്ങളില്‍ കൂട്ടംചേരലുകള്‍ നിരോധിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

‘എവിടെയാണ് നിയന്ത്രണങ്ങള്‍, അത് നിങ്ങളുടെ മനസ്സിലാണ്. ഇവിടെ ഒരു വിധത്തിലുമുള്ള നിയന്ത്രണങ്ങളില്ല. നിയന്ത്രണങ്ങളുണ്ടെന്ന വ്യാജ വാര്‍ത്തകളാണ് പരക്കുന്നത്’; ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

‘ജനങ്ങള്‍ക്ക് കശ്മീരില്‍ എവിടെയും സ്വാതന്ത്രമായി സഞ്ചരിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് മാധ്യമപ്രവര്‍ത്തകരാണ് ദിവസവും കശ്മീര്‍ സന്ദര്‍ശിക്കുന്നത്’; അമിത് ഷാ കൂട്ടിചേര്‍ത്തു.

നരേന്ദ്ര മോദിയുടെ യു.എന്‍ അസംബ്ലി സന്ദര്‍ശനം ചൂണ്ടിക്കാട്ടിയ അമിത് ഷാ ലോകനേതാക്കളെല്ലാവരും തന്നെ കശ്മീരിന്റെ സവിശേഷാധികാര നിയമം 370 എടുത്തുകളഞ്ഞതിനെ പിന്തുണച്ചതായും വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ഏഴ് ദിവസത്തെ സമ്മേളനത്തില്‍ എല്ലാ ലോക നേതാക്കളും പങ്കെടുത്തു. ഒരൊറ്റ ലോക നേതാവും കശ്മീര്‍ വിഷയം യു.എന്‍ സഭയില്‍ ഉന്നയിച്ചില്ല. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ്’; പി.ടി.ഐയോടായി അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാന്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിലൂടെ സാധിച്ചെന്നും ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വളരെ പെട്ടെന്ന് തന്നെ സാധാരണ നിലയിലാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ സവിശേഷാധികാരം എടുത്തുകളഞ്ഞതിന് ശേഷം താഴ്‍വരയില്‍ വലിയ രീതിയിലുള്ള അര്‍ദ്ധ സൈനികവിഭാഗത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. താഴ്‍വരയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രം നിരവധി പേരെ വീട്ടുതടങ്കലില്‍ അടക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നിരവധി മാധ്യമ പ്രവര്‍ത്തകരും സാധാരണക്കാരും പൊലീസ് കസ്റ്റഡിയിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ ഗുരുതര സാഹചര്യം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്താന്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു.