LiveTV

Live

National

ഉള്ളി തലവേദനയാകുന്നു; കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഉള്ളിയുടെ കയറ്റുമതിക്ക് പരിധി നിശ്ചയിച്ചിട്ടും വില കുറക്കുന്നതില്‍ പരാജയമായിരുന്നു ഫലം

ഉള്ളി തലവേദനയാകുന്നു; കയറ്റുമതി നിരോധിച്ച് കേന്ദ്രം

രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് വില കുതിച്ച് കയറിയതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതിക്ക് പരിധി ഏര്‍പ്പെടുത്തി വില നിയന്ത്രണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല.

ഉള്ളിക്ക് കിലോയ്ക്ക് 80 രൂപയോളം വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. നേരത്തെ കയറ്റുമതിക്ക് ടണ്ണിന് 850 ഡോളര്‍ എന്ന വില പരിധി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കാര്യമായി ഗുണമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്ര വാണിജ്യമന്ത്രാലയം സ്വീകരിച്ചത്.

മഹാരാഷ്ട്ര മധ്യപ്രദേശ് കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഉള്ളി കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതാണ് രാജ്യത്ത് വിലക്കയറ്റത്തിലേക്ക് നയിച്ചത്. മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളി വില പിടിച്ച് നിര്‍ത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യമാണ്.

പൂഴ്ത്തിവെപ്പ് തടയാനും തീരുമാനം ഗുണപ്രദമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ഉള്ളിവില നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് കര്‍ഷകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഉള്ളി 23 രൂപക്ക് വില്‍ക്കാന്‍ ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍‌ തീരുമാനിച്ചിരുന്നു.