LiveTV

Live

National

തമിഴ്നാട് നീറ്റ് പരീക്ഷ തട്ടിപ്പ്; 9 പേര്‍ പിടിയില്‍

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി പ്രവേശനം നേടിയ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്

തമിഴ്നാട് നീറ്റ് പരീക്ഷ തട്ടിപ്പ്; 9 പേര്‍ പിടിയില്‍

തമിഴ്നാട്ടിലെ നീറ്റ് പരീക്ഷ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടനിലക്കാരുമാണ് പിടിയിലായത്. ഇതിൽ മൂന്ന് പേർ മലയാളികളാണെന്നാണ് സൂചന.

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി പ്രവേശനം നേടിയ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ ക്രൈം ബ്രാഞ്ച് സി.ഐ.ഡി സംഘത്തിന്റെ പിടിയിലായത്. തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് എത്തിയ മുംബൈ സ്വദേശി ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തോന്നിയ സംശയമാണ് തട്ടിപ്പിന്‍റെ ചുരുളഴിച്ചത്.

ഹാള്‍ ടിക്കറ്റിലെ ഫോട്ടോയും ഉദിത്തിന്‍റെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ തിരിച്ചറിയുകയായിരുന്നു. കോളേജ് ഡീന്‍ വിദ്യാഭ്യാസ ഡയ്റകടറേറ്റിനെ വിവരം അറിയിച്ചതോടെ കേസ് ക്രൈബ്രാ‌ഞ്ച് ഏറ്റെടുത്തു. വിദ്യാര്‍ത്ഥിയെയും പിതാവ് സ്റ്റാന്‍ലിയെയും ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേരിലേക്ക് അന്വേഷണമെത്തിയത്.

രണ്ട് തവണ പ്രവേശന പരീക്ഷ എഴുതിയിട്ടും പാരജയപ്പെട്ടതോടെ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് ഉദിത്തിന്‍റെ പിതാവ് സമ്മതിച്ചു. മുംബൈയിലെ ഏജന്‍റ് വഴി ഇതിനായി ഇരുപത് ലക്ഷം രൂപകൈമാറി. ഈ ഏജന്‍റിന് പണം കൈമാറിയ വെങ്കടേഷ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള അന്വേഷത്തിൽ സത്യസായി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അഭിരാമി, പിതാവ് മാധവൻ ബാലാജി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ പ്രവീൺ, പിതാവ് ശരവണൻ എസ്.ആർ.എം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ രാഹുൽ, പിതാവ് ഡേവിസ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതിൽ രാഹുൽ തൃശൂർ സ്വദേശിയാണെന്ന് സൂചനയുണ്ട്.