LiveTV

Live

National

‘’ചിന്‍മയാനന്ദ് എ.സി മുറിയില്‍ സുഖിക്കുന്നു... എന്റെ മകള്‍ ജയിലില്‍ രോഗപീഡ അനുഭവിക്കുന്നു’’

മൂന്ന് തവണ ബി.ജെ.പി നിയമസഭാംഗമായ ചിൻമയാനന്ദ്, സെപ്റ്റംബർ 20 അറസ്റ്റിലായ ശേഷം ആദ്യ മൂന്ന് ദിവസം ഷാജഹാൻപൂർ ജയിലിലാണ് കഴിഞ്ഞത്. 

‘’ചിന്‍മയാനന്ദ് എ.സി മുറിയില്‍ സുഖിക്കുന്നു... എന്റെ മകള്‍ ജയിലില്‍ രോഗപീഡ അനുഭവിക്കുന്നു’’

നിയമവിദ്യാര്‍ഥിനിയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിന് ലഭിക്കുന്നത് എ.സി മുറിയിലെ താമസവും ചികിത്സയുമടക്കമുള്ള സൗകര്യങ്ങളെന്ന് റിപ്പോർട്ട്‍. പ്രതി സുഖവാസം അനുഭവിക്കുമ്പോള്‍ ഇരയും പരാതിക്കാരിയുമായ തന്റെ മകള്‍ ജയിലില്‍ രോഗപീഡ അനുഭവിക്കുകയാണെന്ന് കുറ്റപ്പെടുത്തി പിതാവ് രംഗത്തെത്തി. ടെലഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലക്നോവിലെ ആശുപത്രിയിലാണ് ചിന്‍മയാനന്ദ് ചികിത്സയിലുള്ളത്. ആശുപത്രിയിലെ ഒരു സ്വകാര്യ കാബിനിലാണ് ചിന്‍മയാനന്ദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ എല്ലാ സ്വകാര്യ കാമ്പിനുകളും ശീതീകരിച്ച മുറികളാണെന്ന് ആശുപത്രിയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് തവണ ബി.ജെ.പി നിയമസഭാംഗമായ ചിൻമയാനന്ദ്, സെപ്റ്റംബർ 20 ന് അറസ്റ്റിലായ ശേഷം ആദ്യ മൂന്ന് ദിവസം ഷാജഹാൻപൂർ ജയിലിലാണ് കഴിഞ്ഞത്. തുടര്‍ന്നാണ് ചിൻമയാനന്ദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ ഇത് ആറാം ദിവസമാണ് ചിന്‍മയാനന്ദ് ആശുപത്രിയിൽ കഴിയുന്നത്. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച ചിന്‍മയാനന്ദ് രണ്ടു ദിവസം ഐ.സി.യുവില്‍ കഴിഞ്ഞതിന് ശേഷമാണ് കാർഡിയോളജി വിഭാഗത്തിലെ സ്വകാര്യ കാബിനിലേക്ക് എത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ആശുപത്രിയിൽ എയർകണ്ടീഷൻ ചെയ്ത മുറിയിലാണെന്നും ഇതേസമയം, ഇര ജയിലിലാണെന്നും സി.പി.എം നേതാവ് സുഭാഷിനി അലി പറഞ്ഞു. പെണ്‍കുട്ടിയെ സുഭാഷിനി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. “സംസ്ഥാന സർക്കാർ ബാബയെ (ചിൻമയാനന്ദ്) സംരക്ഷിക്കുകയും ശക്തനായ ഒരു കുറ്റവാളിയോട് പോരാടുന്ന ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയുമാണെന്ന് സുഭാഷിനി പറഞ്ഞു.

“ചിൻ‌മയാനന്ദിന്റെ സഹായികൾ അദ്ദേഹത്തെ ആശുപത്രി മുറിയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കണ്ടുമുട്ടുന്നുണ്ടെന്നും മുമ്പ്‌ ഉപയോഗിച്ചിരുന്ന എല്ലാ ആഡംബരങ്ങളും അദ്ദേഹം തുടർന്നും ആസ്വദിക്കുന്നുണ്ടെന്നും ഞങ്ങള്‍ അറിഞ്ഞു. ജാമ്യം ലഭിക്കുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയിൽ പാർപ്പിക്കാനാണ് സർക്കാരും ആഗ്രഹിക്കുന്നത്.” - പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ചിൻമയാനന്ദിന്റെയും യുവതിയുടെയും ജാമ്യാപേക്ഷ സെപ്റ്റംബർ 30 ന് ഷാജഹാൻപൂർ കോടതി പരിഗണിക്കും. “എന്റെ മകൾക്ക് സുഖമില്ല. വ്യാഴാഴ്ച ജയിലിൽ വച്ച് ഞങ്ങൾ അവളെ കണ്ടപ്പോൾ അവൾ അവശനിലയിലായിരുന്നു. ജയിൽ അധികൃതർ അവള്‍ക്ക് ചികിത്സ നൽകുന്നില്ല,” - പിതാവ് കൂട്ടിച്ചേർത്തു. ഇതേസമയം, ആശുപത്രി കാബിനിൽ എത്തി ചിന്‍മയാനന്ദിനെ പുറത്തുനിന്നുള്ള ആരും കണ്ടിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇതുകൂടാതെ, കേസിലെ പരാതിക്കാരിക്ക് അസുഖമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ലക്നോവിലെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിൻമയാനന്ദ് സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് അമിത് അഗർവാൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

“അദ്ദേഹത്തിന് മൂത്രത്തിൽ അണുബാധയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാകുന്നതുവരെ ആശുപത്രിയിൽ തുടരും,” - ഡോക്ടർ അഗർവാൾ പറഞ്ഞു. ഇതേസമയം, ചിന്‍മയാനന്ദിന് എന്ത് സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. ജയിലിൽ നെഞ്ചുവേദനയെക്കുറിച്ച് ചിൻമയാനന്ദ് സെപ്റ്റംബർ 22 ന് പരാതിപ്പെട്ടിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഷാജഹാൻപൂർ ഡോക്ടർമാർ ദീർഘകാല പ്രമേഹ രോഗിയായ ചിന്‍മയാനന്ദിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നുമുള്ള നിഗമനത്തിലാണ് ലക്നോ ആശുപത്രിയിലെത്തിച്ചത്. ധമനികളിലൊന്നിലും തടസങ്ങളുള്ളതായി ആൻജിയോഗ്രാഫി റിപ്പോർട്ടിൽ കാണാത്തതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ചിന്‍മയാനന്ദിനെ ഐ.സി.യുവിൽ നിന്ന് സ്വകാര്യ കാബിനിലേക്ക് മാറ്റുകയായിരുന്നു. ചിന്മയാനന്ദിന്റെ കോളജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നല്‍കുകയായിരുന്നു.