LiveTV

Live

National

ഒമ്പത് മാസം ജയില്‍, രണ്ട് വര്‍ഷം സസ്പെന്‍ഷന്‍; ഒടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്

അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 

ഒമ്പത് മാസം ജയില്‍, രണ്ട് വര്‍ഷം സസ്പെന്‍ഷന്‍; ഒടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തം ആരും മറന്നിട്ടുണ്ടാകില്ല. അന്ന് സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാനെയും ആരും മറക്കാനിടയില്ല. അന്നത്തെ ആ രക്ഷാപ്രവര്‍ത്തനത്തിന് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാന് പിന്നീടങ്ങോട്ട് നല്‍കിയത് ദുരിതനാളുകളായിരുന്നു. ദുരന്തത്തിന് പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെടുകയും കുറ്റാരോപിതനായി ഒമ്പത് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്ത ഡോ. കഫീല്‍ ഖാന് ഒടുവിലിപ്പോഴിതാ ആശ്വാസമായി ക്ലീന്‍ ചിറ്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച ബി.ആർ.ഡി അധികൃതർ അദ്ദേഹത്തിന് കൈമാറി. സംഭവം നടക്കുമ്പോൾ ഡോ. കഫീൽ എൻ‌സെഫലൈറ്റിസ്(മസ്തിഷ്കവീക്കം) വാർഡിലെ നോഡൽ ഓഫീസർ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും, സ്വന്തംനിലയ്ക്ക് 500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്സിജന്റെ വിതരണത്തിനും ടെൻഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍, ആഗസ്റ്റ് 10-12 വരെ 54 മണിക്കൂർ ഓക്സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. 15 പേജുള്ള റിപ്പോർട്ടിലെ വിവരങ്ങള്‍ ന്യൂസ് 18 ആണ് പുറത്തുവിട്ടത്.

2017 ആഗസ്റ്റിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 60 ലധികം കുട്ടികൾ ബി.ആര്‍.ഡി ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു. വിതരണക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. താൻ നിരപരാധിയാണെന്ന് തനിക്ക് എല്ലായ്‌പ്പോഴും അറിയാമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. “ആ നിർഭാഗ്യകരമായ ദിവസം, ഒരു ഡോക്ടർ, അച്ഛൻ, ഒരു സാധാരണ ഇന്ത്യക്കാരൻ എന്നീ നിലകളിൽ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. പക്ഷേ എന്നെ ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. മാധ്യമങ്ങൾ എന്നെ അപമാനിച്ചു, എന്റെ കുടുംബത്തെ ഉപദ്രവിച്ചു, ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. - കഫീല്‍ ഖാന്‍ പറഞ്ഞു. “ഭരണപരമായ പരാജയം മറച്ചുവെക്കാന്‍ എന്നെ ബലിയാടാക്കുകയും ഒമ്പത് മാസം ജയിലിൽ അടയ്ക്കുകയും ചെയ്തു,” - കഫീല്‍ ഖാന്‍ പറഞ്ഞു. യഥാസമയം പണമടയ്ക്കുന്നതിൽ പരാജയപ്പെട്ടവരാണ് യഥാർത്ഥ കുറ്റവാളികള്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ അവരോട് മാപ്പ് പറയണമെന്നും കഫീൽ ആവശ്യപ്പെട്ടു.