LiveTV

Live

National

‘’ഞങ്ങള്‍ക്ക് യോഗിയെ കാണണ്ട...’’; ക്ഷണം നിരസിച്ച് അലിഗഡിലെ കശ്മീരി വിദ്യാര്‍ഥികള്‍

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് മുഖ്യമന്ത്രി കശ്മീർ വിദ്യാർഥികളെ ക്ഷണിച്ചത്.   

‘’ഞങ്ങള്‍ക്ക് യോഗിയെ കാണണ്ട...’’; ക്ഷണം നിരസിച്ച് അലിഗഡിലെ കശ്മീരി വിദ്യാര്‍ഥികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ആശയവിനിമയത്തിനുള്ള ക്ഷണം നിരസിച്ച് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) യിലെ കശ്മീരി വിദ്യാർഥികൾ. ക്ഷണം രാഷ്ട്രീയ സ്വഭാവവും അസ്വീകാര്യവുമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. അവരുടെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണമെന്ന് വിദ്യാർഥികൾ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് മുഖ്യമന്ത്രി കശ്മീർ വിദ്യാർഥികളെ ക്ഷണിച്ചത്. ക്ഷണം നിരസിക്കാനുള്ള തീരുമാനം ഏകകണ്ഠമാണെന്നും സർവകലാശാലയിൽ നിന്ന് ആരെങ്കിലും മുഖ്യമന്ത്രിയെ കാണാൻ പോയാൽ അത് പൂർണ്ണമായും വ്യക്തിപരമായ തീരുമാനമാണെന്നും എ.എം.യുവിൽ നിന്നുള്ള കശ്മീർ വിദ്യാർഥികളുടെ താല്‍പ്പര്യത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും എ.എം.യുവിലെ ഒരു കശ്മീരി ഗവേഷക വിദ്യാര്‍ഥി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് കശ്മീരിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. “എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തിൽ എല്ലാവരും സന്തുഷ്ടരാണെന്നും ലോകത്തെ കാണിക്കാനാണ് അവർ ആഗ്രഹിക്കുന്നത്, ഇത് അസത്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഒരു വിദ്യാർഥി പറഞ്ഞു.

കശ്മീരിലെ ജനങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടെന്ന തരത്തില്‍ മുഖച്ഛായ സൃഷ്ടിക്കുന്നതിനായി എ‌.എം‌.യുവിലെ കശ്മീരി വിദ്യാർഥികൾ രാഷ്ട്രീയക്കാരുടെ കൈകളായി മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് മറ്റു ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിവിധ ജയിലുകളിൽ തടവിലാക്കപ്പെട്ട കശ്മീരില്‍ നിന്നുള്ള പ്രൊഫസർമാർ, അഭിഭാഷകർ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുമായി മുഖ്യമന്ത്രി സംസാരിക്കണമെന്നും ജയിലിൽ കഴിയുന്ന കശ്മീരികളുടെ ദുരവസ്ഥ അവരിൽ നിന്ന് മനസിലാക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.