LiveTV

Live

National

കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് നല്‍‌കാന്‍ ധാരണ

2023-24 കാലയളവിനുള്ളില്‍ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞിരുന്നു

കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് നല്‍‌കാന്‍ ധാരണ

കൂടുതല്‍ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എറണാകുളം-തിരുവനന്തപുരം പാതയിലടക്കം രാജ്യത്തെ 14 ഇൻറർസിറ്റി എക്സ്പ്രസ് ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ കമ്പനികള്‍ക്ക് നാല്‍കാമെന്ന നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ട് വെച്ചു.

ഇത് സംബന്ധിച്ച കാര്യങ്ങള്‍‌ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കേന്ദ്ര സര്‍ക്കാറിനോട് 100 ദിവസത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്ര ട്രെയിനുകള്‍ സ്വകാര്യവത്ക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ഐ.ആർ.സി.ടി.സിക്ക് ( ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടിക്കറ്റിങ് കോർപറേഷൻ) കൈമാറിയ ഡൽഹി ലഖ്നോ-തേജസ് എക്സ്പ്രസ് പരീക്ഷണാടിസ്ഥാനത്തില്‍. ഒക്ടോബർ അഞ്ച് മുതൽ സർവിസ് ആരംഭിക്കും. വിനോദസഞ്ചാരം, തീർഥാടനം തുടങ്ങയ മേഖലകള്‍ക്ക് പ്രാമുഖ്യമുള്ള കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകളെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍‌ സ്വകാര്യ മേഖലക്ക് നല്‍കുന്നതിന് തയ്യാറാക്കിയ കരടുരേഖയില്‍ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ തുടങ്ങി പ്രധാന പാതകൾ, എറണാകുളം-തിരുവനന്തപുരം, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-ബംഗളൂരു, ചെന്നൈ-മധുര, ഡൽഹി-ജയ്പുർ തുടങ്ങി 14 പാതകളിലെ ഇൻറർസിറ്റി എക്സ്പ്രസുകൾ, മുംബൈ, ചെന്നൈ, കൊൽക്കത്ത, സെക്കന്ദരാബാദ് സബർബൻ ട്രെയിൻ സർവിസുകൾ എന്നിവയും ഉള്‍പ്പെടുത്തി.

2023-24 കാലയളവിനുള്ളില്‍ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞിരുന്നു. ടിക്കറ്റ് വിൽപന, കോച്ചിലെ സൗകര്യങ്ങൾ, ഡിസൈൻ പരിഷ്കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ മേഖല കമ്പനികള്‍ക്ക് നല്‍കുക.