LiveTV

Live

National

മാറി മറിഞ്ഞ് സഖ്യങ്ങള്‍; ഹെെദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിലേക്ക്

പ്രസിഡന്റ്, വെെസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യം മത്സരിക്കുന്നത്

മാറി മറിഞ്ഞ് സഖ്യങ്ങള്‍; ഹെെദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിലേക്ക്

വിഖ്യാതമായ രോഹിത് വെമുല പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ ഹൈദരാബാദ് കേന്ദ്രസർവകലാശാല വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പിലേക്ക്. സെപ്തംബർ 26ന് നടക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.ബി.വി.പി നേതൃത്വത്തിലുള്ള സഖ്യമാണ് നിലവിൽ യൂണിയൻ ഭരിക്കുന്നത്.

ദലിത്-മുസ്‍ലിം-ആദിവാസി രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഹെെദരാബാദ് സർവകലാശാലയിൽ ഇത്തവണ പക്ഷേ സഖ്യ സമവാക്യങ്ങളെല്ലാം മാറിമറിഞ്ഞ സ്ഥിതിയാണുള്ളത്. കാമ്പസിലെ പ്രബല പാർട്ടിയായ അംബേദ്ക്കർ സ്റ്റു‍ഡന്റ്സ് അസോസിയേഷൻ (എ.എസ്.എ) ഇത്തവണ എസ്.എഫ്.ഐ, ഡി.എസ്.യു (ദലിത് സ്റ്റുഡന്റസ് യുണിയൻ), ടി.എസ്.എഫ് (ട്രെെബൽ സ്റ്റുഡന്റസ് ഫെഡറേഷൻ) എന്നീ പാർട്ടികളുമായി ചേർന്ന് സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തികൊണ്ട് എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യവും മത്സര രംഗത്തുണ്ട്. ഒ.ബി.സി.എഫ്, എസ്.എൽ.വി.ഡി പാർട്ടികളുമായാണ് എ.ബി.വി.പി സഖ്യം ചേർന്നിരിക്കുന്നത്. ഒറ്റപ്പെട്ട പോസ്റ്റുകളിലേക്ക് ഐസ, ബി.എസ്.എഫ് പാർട്ടികളും മത്സരിക്കുന്നുണ്ട്.

എ.എസ്.എ - എസ്.എഫ്.ഐയിൽ നിന്നും അഭിഷേക് നന്ദനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എ.എസ്.എയുടെ ഗോപി സ്വാമി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. എൻ.എസ്.യു.ഐയിൽ നിന്നും രാജി വെച്ച് പോയ ഗവേഷക വിദ്യാർഥി ഫാനി കൃഷ്ണയാണ് എ.ബി.വി.പി സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി.

പ്രസിഡന്റ്, വെെസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യം മത്സരിക്കുന്നത്. ഗവേഷക വിദ്യാര്‍ഥികളായ മുഹമ്മദ് ഷമീം, ജിയാദ് ഹുസെെൻ എന്നിവരാണ് യഥാക്രമം പ്രസിഡന്റ്, വെെസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.

സംഘ് പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ സഖ്യത്തിൽ മുസ്‍ലിം കക്ഷികളെ കൂടെ നിർത്താൻ സാധിക്കില്ലെന്ന ഇടതു പാർട്ടികളുടെ നിലപാടിനെ തുടർന്നാണ്, അംബേദ്ക്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഭാഗമായി നിന്നിരുന്ന മുസ്‍ലിം സംഘടനകൾ സ്വന്തമായി സഖ്യമുണ്ടാക്കി മത്സരത്തിനിറങ്ങിയത്.

ദലിത് ആദിവാസി സ്വത്വം ഉയർത്തി പിടിക്കുന്ന പാർട്ടികളെ സഖ്യത്തിൽ ചേർക്കുകയും, എന്നാൽ ന്യൂനപക്ഷങ്ങളെ മാറ്റി നിർത്തുകയും ചെയ്ത് രൂപീകരിച്ച സംഘ് വിരുദ്ധ സഖ്യം പക്ഷേ, ഇസ്‍ലാം വിരുദ്ധതയുടെ തെളിവാണെന്ന് എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യം വ്യക്തമാക്കുകയുണ്ടായി.