LiveTV

Live

National

‘ജയിലിലാണെന്നറിഞ്ഞിട്ടും കത്തയച്ചത് തമിഴ്നാട്ടിലെ വസതിയിലേക്ക്’; ചിദംബരത്തിന് പ്രധാനമന്ത്രി മോദിയുടെ  ജന്മദിന സന്ദേശം

‘ജയിലിലാണെന്നറിഞ്ഞിട്ടും കത്തയച്ചത് തമിഴ്നാട്ടിലെ വസതിയിലേക്ക്’; ചിദംബരത്തിന് പ്രധാനമന്ത്രി മോദിയുടെ  ജന്മദിന സന്ദേശം

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന സന്ദേശം. ജന്മദിന സന്ദേശം ലഭിച്ച കാര്യം ചിദംബരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പുറത്തറിയിച്ചത്. ജയിലിലാണെന്നറിഞ്ഞിട്ടും തമിഴ്നാട്ടിലെ ചിദംബരത്തിന്റെ വസതിയിലേക്കാണ് മോദി കത്തയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ജന്മദിന സന്ദേശത്തില്‍ സന്തോഷത്തോടെ അതിശയം പ്രകടിപ്പിച്ചെന്ന് കത്തിന്റെ പകര്‍പ്പ് പങ്കുവെച്ച് ചിദംബരം ട്വിറ്റര്‍ അക്കൌണ്ട് വഴി ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ ജന്മദിന സന്ദേശത്തില്‍ ആശംസ നേര്‍ന്ന പോലെ എനിക്ക് ഇനിയും ജനങ്ങളെ സേവിക്കണം. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ എന്നെ അതില്‍ നിന്നും തടയുന്നു’; പി.ചിദംബരം ട്വീറ്റ് ചെയ്തു.

‘നിങ്ങളുടെ പീഡനം എപ്പോള്‍ തീരുന്നുവോ, ആ സമയം നിങ്ങളും ഞാനും ഉള്‍പ്പെടുന്ന ജനങ്ങളെ സേവിക്കാന്‍ ഞാന്‍ തിരിച്ചുവരും’; ചിദംബരം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ചിദംബരത്തിന്റെ 74ാം പിറന്നാള്‍ ഇത്തവണ തീഹാര്‍ ജയിലില്‍ വെച്ചായിരുന്നു നടന്നത്. ധനകാര്യ മന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വേണ്ടി വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.