LiveTV

Live

National

വോട്ടര്‍ ഐഡിയും പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ഒരൊറ്റ കാര്‍ഡിലേക്ക് ? ആധാര്‍ ഒഴിവാക്കുമോ ?

എന്തുകൊണ്ടാണ് ജനന മരണ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിലെ പുതുക്കലുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തത്? 

വോട്ടര്‍ ഐഡിയും പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ഒരൊറ്റ കാര്‍ഡിലേക്ക് ? ആധാര്‍ ഒഴിവാക്കുമോ ?

രാജ്യത്ത് ജനങ്ങള്‍ക്ക് വേണ്ടി ഒരൊറ്റ മൾട്ടി പർപ്പസ് ഐഡന്റിറ്റി കാർഡ് എന്ന ആശയം മുന്നോട്ടുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാര്‍, വോട്ടര്‍ ഐഡി. പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ഒരൊറ്റ കാര്‍ഡിലേക്ക് ചുരുക്കുക എന്നതാണ് ശിപാര്‍ശ. ഈ രേഖകളെല്ലാം ഒരൊറ്റ മൾട്ടി പർപ്പസ് ഐഡന്റിറ്റി കാർഡിലേക്ക് ചുരുക്കിയാല്‍ ഇവയെല്ലാം പല പല കാര്‍ഡുകളായി സൂക്ഷിക്കേണ്ട ആവശ്യകത ഇല്ലാതാക്കും എന്ന് അമിത് ഷാ പറയുന്നു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാനത്തിന് വേണ്ടിയുള്ള ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ലെ സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

"എന്തുകൊണ്ടാണ് ജനന മരണ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിലെ പുതുക്കലുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തത്? ഒരു കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും 18 വയസ് വരെ മരണം രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടില്ലെങ്കിൽ, 18 വയസ് തികയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പേര് സ്വാഭാവികമായും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലേ? അതുപോലെ, ഒരു മരണം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, മരിച്ചയാളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് സ്വപ്രേരിതമായി നീക്കംചെയ്യപ്പെടുകയില്ലേ ?." അമിത് ഷാ ചോദിക്കുന്നു. ഇതാദ്യമായല്ല ഒരു ആഭ്യന്തരമന്ത്രി വിവിധോദ്ദേശ്യ തിരിച്ചറിയൽ രേഖയ്ക്കായി ശിപാര്‍ശ ചെയ്യുന്നത്. മുൻ ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനി രാജ്യത്തെ ഓരോ പൗരനും തനതായ തിരിച്ചറിയൽ രേഖ അനുവദിക്കുന്നതിനായി ബയോമെട്രിക്സ് രേഖപ്പെടുത്താനുള്ള പരിപാടി തുടങ്ങിയിരുന്നു. ഇത് ഒരു വ്യക്തിക്ക് ഒന്നിലധികം രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. ഈ മള്‍ട്ടി പർപ്പസ് കാര്‍ഡിലേക്ക് ഇ.പി‌.സി കാർഡ്, പാൻ കാർഡ്, ആധാർ മുതലായ പ്രത്യേക രേഖകളെ ബന്ധിപ്പിക്കാനും കഴിയും. സെൻസസ് ശരിയായി രേഖപ്പെടുത്തുകയും ഈ വിവരങ്ങള്‍ ഡിജിറ്റൽ ഫോർമാറ്റിൽ പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍, എല്ലാ വിശദാംശങ്ങളും ഒരു കാർഡിൽ ഉൾപ്പെടുത്തുന്നതിന് ചില സോഫ്‍റ്റ്‍വെയറുകൾ വികസിപ്പിക്കാൻ കഴിയും. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.