LiveTV

Live

National

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു 

ഇത്തരത്തില്‍ ആകെ 5577.99 കോടി രൂപ നിന്ന് പിന്‍വലിച്ചിട്ടുണ്ട്

 ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 20 വരെ 4193 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ 2985 കോടിയും ഓഗസ്റ്റില്‍ 5920 കോടിയും ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

സെപ്റ്റംബര്‍ മാസത്തില്‍ ആകെ 5577.99 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഇതില്‍ 1384.81 കോടി വായ്പ ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടു. എന്നാല്‍ ബാക്കി 4193 കോടി രൂപ സാമ്പത്തിക പ്രതിസന്ധി ആശങ്കയില്‍ നിക്ഷേപകര്‍ പിന്‍വലിക്കുകയായിരുന്നു. ഈ ഒരു സാഹചര്യത്തിന് കോര്‍പ്പറേറ്റ് നികുതി ഇളവ് നടപടി അടക്കമുള്ള ഉത്തേജന പാക്കേജുകള്‍ മാറ്റം വരുത്തുമെന്നാണ് മോദിസര്‍ക്കാരിന്റെ പ്രതീക്ഷ. ഉയര്‍ത്തിയ കോര്‍പ്പറേറ്റ് നികുതി ധനമന്ത്രി കഴിഞ്ഞ ദിവസം 22 ശതമാനമായി കുറച്ചിരുന്നു. ഇത് ഓഹരി വിപണിയിലെ വലിയ കുതിപ്പിന് കാരണമാവുകയും ചെയ്തു. എന്നാല്‍ വൈകാതെ ധനകമ്മി വര്‍ധിക്കുന്നതിന് ഇത് കാരണമാകുമോയെന്ന ആശങ്ക നിലവില്‍ ഉണ്ട്. ധനകമ്മി ഉയര്‍ന്നാല്‍ പണപ്പെരുപ്പവും ഉയരും. 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് നികുതി നിരക്ക് വെട്ടിക്കുറച്ചതോടെ സര്‍ക്കാരിന് വരുന്നത്. ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ നികുതിയിളവാണ് ഇത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍ പന്ത്രണ്ട് അനുസരിച്ച് അടിയന്തരസാഹചര്യങ്ങളില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നല്‍കുന്നുണ്ട്. എന്തായാലും വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ 2985 കോടി യും ഓഗസ്റ്റില്‍ 5920 കോടിയും ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.