LiveTV

Live

National

“ജോലിചെയ്യുന്നത് കുറച്ച് സമയം  മാത്രം”; തഹിൽരമണിയുടെ സ്ഥലംമാറ്റത്തില്‍ വിശദീകരണവുമായി കൊളീജിയം  

മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് താഹില്‍ രമണി മദ്രാസ് ഹൈക്കോടതി സ്ഥാനം രാജിവച്ചത്.

“ജോലിചെയ്യുന്നത് കുറച്ച് സമയം  മാത്രം”; തഹിൽരമണിയുടെ സ്ഥലംമാറ്റത്തില്‍ വിശദീകരണവുമായി കൊളീജിയം  

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണിയുടെ സ്ഥലം മാറ്റത്തിന് കാരണങ്ങള്‍ നിരത്തി സുപ്രിം കോടതി കൊളീജിയം. അവരുടെ ജോലി ചെയ്യുന്നത് കുറച്ച് സമയം മാത്രമായിരുന്നു എന്നാണ് സ്ഥലമാറ്റ നീക്കത്തിന് കാരണമായി കൊളീജിയം ചൂണ്ടിക്കാട്ടുന്നത്. ചീഫ് ജസ്റ്റിസ് ഉച്ചക്കു ശേഷം കോടതിയില്‍ ഉണ്ടാവാറില്ലെന്ന് പരാതി ലഭിച്ചിരുന്നതായിയും അത് മറ്റു ജഡ്ജിമാര്‍ക്ക് ജോലിഭാരമുണ്ടാക്കിയതായും കൊളീജിയം ചൂണ്ടിക്കാട്ടുന്നു.

വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് കേസ് കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി ബെഞ്ചിനെ ഒരു കാരണവുമില്ലാതെ പിരിച്ചു വിട്ടു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചീഫ് ജസ്റ്റിസ് ആയിരിക്കേ നിയമിച്ച ബെഞ്ചായിരുന്നു അത്. ചെന്നൈയിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരനുമായി താഹിലിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് അവര്‍ ചെന്നൈയില്‍ രണ്ട് സ്ഥലങ്ങള്‍ വാങ്ങിയിരുന്നുവെന്നും കൊളീജിയം ആരോപിക്കുന്നു.

മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് താഹില്‍ രമണി മദ്രാസ് ഹൈക്കോടതി സ്ഥാനം രാജിവച്ചത്. കഴിഞ്ഞ ദിവസം രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈക്കോടതി ജഡ്ജിയായി 2020 ഒക്ടോബര്‍ മൂന്ന് വരെ കാലാവധി ബാക്കിയിരിക്കെയാണ് രാജി. തന്നെ മാറ്റിയതിനെതിരേ താഹില്‍ രമണി നല്‍കിയ അപ്പീല്‍ ഈ മാസം മൂന്നിന് ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം തള്ളിയിരുന്നു.

2001 ജൂണ്‍ 26ന് 43ാം വയസ്സിലാണ് ജസ്റ്റിസ് തഹില്‍രമണി ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതയായത്. പിന്നീട് രണ്ടുതവണ ആക്റ്റിങ് ചീഫ് ജസ്റ്റിസായി. 2018 ആഗസ്റ്റ് 12ന് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2020 ഒക്ടോബര്‍ രണ്ടുവരെ സര്‍വിസ് കാലാവധിയുണ്ട്. സുപ്രീംകോടതി ജഡ്ജി പദവിക്കും സാധ്യത നിലനില്‍ക്കേയാണ് രാജി.

ജസ്റ്റിസ് തഹില്‍രമണി മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബില്‍കീസ് ബാനുവിന്റെ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവിച്ചത്. ഈ കേസിലെ അഞ്ച് പൊലീസ് ഓഫിസര്‍മാരും രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെട്ട പ്രതികളെ വെറുതെവിട്ട കീഴ്‌കോടതി നടപടി റദ്ദാക്കി ശിക്ഷവിധിക്കുകയും ചെയ്തു.