LiveTV

Live

National

പാര്‍ട്ടി വളര്‍ത്താന്‍ ‘ജന്‍ജാഗ്രന്‍’ സദസുകളുമായി ബി.ജെ.പി

കശ്മീര്‍ പ്രത്യേക പദവി എടുത്തു കളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ പ്രധാന്യം വിശദീകരിക്കുന്നതിനാണ് ബി.ജെ.പി ‘ജന്‍ജാഗ്രന്‍’ സദസുകള്‍ സംഘടിപ്പിക്കുന്നത്.

പാര്‍ട്ടി വളര്‍ത്താന്‍ ‘ജന്‍ജാഗ്രന്‍’ സദസുകളുമായി ബി.ജെ.പി

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പ്രചാരണായുധമാക്കി ബിജെപി. രാജ്യവ്യാപകമായി ജനജാഗരന്‍ സദസുകള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ ജനകീയ അടിത്തറ വര്‍ധിപ്പിക്കാനാണ് ശ്രമം. ഇന്ന് മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും.

കശ്മീര്‍ പ്രത്യേക പദവി എടുത്തു കളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ പ്രധാന്യം വിശദീകരിക്കുന്നതിനാണ് ബി.ജെ.പി ജന്‍ജാഗ്രന്‍ സദസുകള്‍ സംഘടിപ്പിക്കുന്നത്. കശ്മീരിലെ രജൌരി ദോഡ, റമ്പാന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ രണ്ടായിരം പേരെയെങ്കിലും പങ്കെടുപ്പിച്ച് ഇത്തരം സദസുകള്‍ വിളിച്ചുകൂട്ടും. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പരിപാടിക്ക് നേതൃത്വം നല്‍കും. ഇന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജാജു ജമ്മുവിലെ പരിപാടിയില്‍ സംബന്ധിക്കും. ഈ മാസം 25ന് ശേഷം ശ്രീനഗറിലും പരിപാടി സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കശ്മീരിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ കൂടി ജനങ്ങളെ ബോധവത്കരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്‍റെ ഭാഗമായാണ് മുംബൈയിലെ ഇന്നത്തെ പരിപാടി. ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത്ഷാ പരിപാടിയില്‍ പങ്കെടുക്കും. ഹിന്ദി ഹൃദയഭൂമിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് വന്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, ചഢീഗഡ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ നിശ്ചയിച്ച പരിപാടികളില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ പങ്കെടുക്കും. കശ്മീരിന്‍റെ പദവി എടുത്തുകളഞ്ഞത് പ്രചാരണായുധമാക്കി പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജനജാഗ്രന്‍ സദസുകളുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.