LiveTV

Live

National

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകം

അനുച്ഛേദം 370 റദ്ദാക്കിയതിന്  ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകം

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമാകും. കശ്മീര്‍ ,പൌരത്വപട്ടിക തുടങ്ങിയ വിഷയങ്ങളായിരിക്കും ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങള്‍. സാമ്പത്തിക പ്രതിസന്ധി, കാര്‍ഷിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ എന്നിവ പ്രധാനപ്രചാരണായുധമാക്കിയാകും കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക. അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്ത് മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഒപ്പം അസമില്‍ പൌരത്വ പട്ടിക അവസാനഘട്ടത്തിലുമാണ്.

ഇതടക്കമുള്ള അതിദേശീയതിലൂന്നിയുള്ള പ്രചാരണം തന്നെയാകും ബി.ജെ.പി വരുന്ന തെരഞ്ഞെടുപ്പിലും നടത്തുക. ലോക്സഭ തെര‍ഞ്ഞെടുപ്പിന് സമാനമായി തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവും എല്ലാത്തിനും ഉപരിയായി ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. നിലവില്‍ ശിവസേനയുമായുള്ള സീറ്റ് വിഷയം കൂടി പരിഹരിച്ചാല്‍ കാര്യമായ വെല്ലുവിളി മറ്റൊരിടത്തും പാര്‍ട്ടി കാണുന്നില്ല. സാമ്പത്തിക പ്രതിസന്ധി, കാര്‍ഷിക പ്രശ്നങ്ങള്‍ , തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണ ആയുധങ്ങള്‍. ഇത്തവണ മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യത്തിലാകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട്.

എന്നിരുന്നാലും തെരഞ്ഞെടുപ്പിനോടടുത്തപ്പോള്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളടക്കം ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയതും സംഘടന സംവിധാനം ദുര്‍ബലമായതും എത്രത്തോളം മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഹരിയാനയില്‍ അവസാന നിമിഷമാണ് പാര്‍ട്ടി അധ്യക്ഷയായി ആദിവാസി നേതാവ് കുമാരി ഷെല്‍ജയെ ഇടക്കാല അധ്യക്ഷ സോണിയഗാന്ധി നിയമിച്ചത്. 90 ല്‍ 75 സീറ്റുകള്‍ നേടുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ബി.ജെ.പിക്കെതിരെ ബി.എസ്.പി, ഐ.എന്‍. എല്‍.ഡി, ജെ.ജെ.പി , എ.എ.പി തുടങ്ങിയ പാര്‍ട്ടികളും രംഗത്തുണ്ടെങ്കിലും സഖ്യമുണ്ടാക്കാന്‍ കഴിയാഞ്ഞതും ബി.ജെ.പിയുടെ സാധ്യത വര്‍ധിപ്പിക്കും