LiveTV

Live

National

തിരുവട്ടാർ ക്ഷേത്രത്തിലെ തിരുവാഭരണ കവർച്ച: പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 23 പേര്‍ക്ക് തടവ് ശിക്ഷ

1992ൽ ഒന്നരക്കോടി വിലമതിക്കുന്ന 12 കിലോ സ്വർണവും കിരീടവും മുത്തുമാലകളുമാണ് കടത്തിയത്.

 തിരുവട്ടാർ ക്ഷേത്രത്തിലെ തിരുവാഭരണ കവർച്ച: പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 23 പേര്‍ക്ക് തടവ് ശിക്ഷ

കന്യാകുമാരിയിലെ തിരുവട്ടാർ ക്ഷേത്രത്തിൽ നിന്ന് 1992ൽ തിരുവാഭരണം കവർന്ന കേസിൽ 27 വർഷത്തിന് ശേഷം വിധി വന്നു. കുറ്റക്കാരായ 23 പൂജാരിമാരെയും ജീവനക്കാരെയും തടവിന് ശിക്ഷിച്ചു. പ്രസാദത്തട്ടിൽ വെച്ചാണ് പല തവണയായി സ്വർണ്ണം കടത്തിയത്.

തിരുവനന്തപുരത്ത് നിന്ന് 54 കി.മീ. അകലെ മാർത്താണ്ഡത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസാദത്തട്ടിൽ സ്വർണ്ണം കടത്തിയത് ഭക്തർ കണ്ടതോടെയാണ് തമിഴ്നാടിനെ ഞെട്ടിച്ച സ്വർണ്ണ കടത്ത് പുറത്തറിയുന്നത്. ആ കാലത്ത് ഒന്നരക്കോടി വിലമതിക്കുന്ന 12 കിലോ സ്വർണവും കിരീടവും മുത്തുമാലകളുമാണ് കടത്തിയത്. തമിഴ്നാട് സർക്കാർ 1992 ജൂണിൽ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറി. പൂജാരിമാരും ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

ആദ്യം പൂജാരി കൃഷ്ണൻ നമ്പൂതിരിയെ അറസ്റ്റ് ചെയ്തു. ഭാര്യക്ക് നൽകാൻ സ്വർണ്ണം കടത്തിയ കേശവൻ പോറ്റി ആത്മഹത്യ ചെയ്തു. ഭാര്യ കൃഷ്ണമാൾ പ്രതിയായി. മൊത്തം 34 പ്രതികളുണ്ടായിരുന്നു. 1995ൽ കുറ്റപത്രം സമർപ്പിച്ചു. വിധി വന്നപ്പോൾ 23 പേരെ ജീവനോടെ ബാക്കിയുള്ളു. 14 പേർക്ക് 6 വർഷവും 9 പേർക്ക് 3 വർഷവും തടവാണ് നാഗർകോവിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി ശിക്ഷ വിധിച്ചത്. കൃഷ്ണമാൾക്ക് 6 വർഷം തടവാണ് ശിക്ഷ.