LiveTV

Live

National

കശ്മീര്‍ വിഷയം: യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചക്കായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഹെല്‍സിങ്കിയിലേക്ക്

ഫിന്‍ലണ്ട് പ്രധാനമന്ത്രി ആന്‍റി റിന്നെ, പ്രസിഡന്‍റ് സൗലി മിനിസ്‌റ്റോ, വിദേശകാര്യമന്ത്രി പെക്കാ ഹാവിസ്‌റ്റോ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നിലപാടുകള്‍ ജയശങ്കര്‍ വിശദീകരിക്കും

കശ്മീര്‍ വിഷയം: യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചക്കായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഹെല്‍സിങ്കിയിലേക്ക്

കശ്മീര്‍ സംഭവവികാസങ്ങളില്‍ ആശങ്കയറിയിച്ച യൂറോപ്യന്‍ യൂണിയനെ ഇന്ത്യ വിശ്വാസത്തിലെടുക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി സംഭാഷണം നടത്താന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ന് ഹെല്‍സിങ്കിയിലേക്ക് പോകും. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുമായും ജയശങ്കര്‍ പ്രസിഡന്‍റുമായും കൂടിക്കാഴ്ച നടത്തും. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍റെ ആധ്യക്ഷം വഹിക്കുന്ന ഫിന്‍ലണ്ടിന്‍റെ തലസ്ഥാന നഗരിയില്‍ ഇന്നും നാളെയുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സന്ദര്‍ശനം. ഫിന്‍ലണ്ട് പ്രധാനമന്ത്രി ആന്‍റി റിന്നെ, പ്രസിഡന്‍റ് സൗലി മിനിസ്‌റ്റോ, വിദേശകാര്യമന്ത്രി പെക്കാ ഹാവിസ്‌റ്റോ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നിലപാടുകള്‍ ജയശങ്കര്‍ വിശദീകരിക്കും.

കശ്മീരില്‍ ഇന്ത്യ 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്നും കടുത്ത മനുഷ്യാവകാശ ധ്വംസനം കശ്മീരില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. യൂണിയന്‍റെ ഉപാധ്യക്ഷ ഫെഡറിക്ക മാര്‍ഗറീനിക്കു വേണ്ടി യൂണിയന്‍ ചുമതലയുള്ള ഫിന്നിഷ് മന്ത്രി ടിറ്റി ടുപ്പുറായ്‌നനന്‍ അയച്ച കത്തിലാണ് കശ്മീരിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തടവിലിട്ടതും ആശയവിനിമയ സൗകര്യങ്ങള്‍ വിഛേദിച്ചതും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. കശ്മീരിലെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും ജനജീവിതം സാധാരണ നിലയിലായിട്ടില്ലെന്നും ടിറ്റിയുടെ എഴുത്തിലുണ്ട്.

ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും അടിയന്തരമായി ചര്‍ച്ചക്കു തയാറാവണമെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൈനിക നീക്കങ്ങള്‍യൂറോപ്യന്‍ യൂണിയന്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നും യൂണിയന്‍റെ തലസ്ഥാന നഗരിയായ ബ്രസല്‍സില്‍ പുറത്തുവിട്ട കത്ത് പറയുന്നു. ഹെല്‍സിങ്കിയിലെത്തുന്ന വിദേശകാര്യമന്ത്രി ഫിന്‍ലണ്ട് പ്രാര്‍ലമെന്‍റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനം പ്രമാണിച്ച് അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിലും ജയശങ്കര്‍ പങ്കെടുക്കും.