LiveTV

Live

National

മോദിയുടെ ജന്മദിന ആഘോഷത്തിനായി ആയിരങ്ങളെ വെള്ളത്തില്‍ മുക്കി: മേധാ പട്കര്‍

മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിലാണ് സര്‍ദാര്‍ സരോവര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ വെള്ളം കയറിയത്.

മോദിയുടെ ജന്മദിന ആഘോഷത്തിനായി ആയിരങ്ങളെ വെള്ളത്തില്‍ മുക്കി: മേധാ പട്കര്‍

മോദിയുടെ ജന്മദിനാഘോഷത്തിനായി സര്‍ദാര്‍ സരോവര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയപ്പോള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതെന്ന് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിലാണ് സര്‍ദാര്‍ സരോവര്‍ ഡാമിലെ ജലനിരപ്പ് 138 മീറ്റര്‍ ഉയര്‍ത്തിയതോടെ വെള്ളം കയറിയത്. ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ പുനരധിവസിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മേധാ പട്കര്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയൊന്‍പതാം ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പരാമവധി സംഭരണശേഷിയായ 138 മീറ്ററിലേക്ക് ഉയര്‍ത്തിയിരുന്നു. ഇന്നലെ അണകെട്ട് സന്ദര്‍ശിച്ച പ്രധാനമന്ത്രി നമാമി നര്‍മദ പൂജയില്‍ പങ്കെടുക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ധര്‍, ബാര്‍വനി, ആലിരാജ്പൂര്‍ തുടങ്ങിയ ജില്ലകളിലെ 192 ഗ്രാമങ്ങളിലാണ് അണക്കെട്ടിലെ സംഭരണശേഷി ഉയര്‍ത്തിയത് കൊണ്ട് വെള്ളം കയറിയത്. ഒരാള്‍ക്കായി ആയിരക്കണക്കിന് പേരാണ് വെള്ളത്തില്‍ മുങ്ങിയതെന്ന് മേധാ പട്കര്‍ വിമര്‍ശിച്ചു. അണക്കെട്ട് കൊണ്ട് കെടുതി അനുഭവിക്കേണ്ടി വന്നവര്‍ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. ഗുജാത്ത് സര്‍ക്കാരില്‍ നിന്ന് 1857 കോടി രൂപയാണ് നഷ്ടപരിഹാരമായി ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നതെന്നും ഇത് വരെ ലഭ്യമാക്കിയിട്ടില്ലെന്നും മേധ പട്കര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൌഹാന്‍ പുനരധിവാസം ഉറപ്പ് നല്‍കിയിരുന്നതാണെങ്കിലും ഉറപ്പ് പാലിച്ചില്ല. വെള്ളമുയര്‍ന്ന സ്ഥലങ്ങളില്‍ പ്രതിഷേധ സമരങ്ങളും നടന്നു.