LiveTV

Live

National

ദേശീയ പൌരത്വ രജിസ്റ്റര്‍ രാജ്യത്താകെ നടപ്പിലാക്കുമെന്ന് അമിത് ഷാ 

ദേശീയ പൌരത്വ രജിസ്റ്റര്‍ രാജ്യത്താകെ നടപ്പിലാക്കുമെന്ന് അമിത് ഷാ 

രാജ്യത്തെമ്പാടും ദേശീയ പൌരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇന്ത്യക്കാരന് അനധികൃതമായി അമേരിക്കയിലോ ബ്രിട്ടനിലോ റഷ്യയിലോ ജീവിക്കാന്‍ കഴിയുമോ? പിന്നെ ഇന്ത്യയിലെങ്ങനെ രേഖകളില്ലാതെ ജീവിക്കാന്‍ കഴിയുമെന്നാണ് അമിത് ഷായുടെ ചോദ്യം.

എന്‍.ആര്‍.സി അസമില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ല. രാജ്യത്തെ പൌരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഈ പരാമര്‍ശം നടത്തിയത്.

അസമില്‍ പൌരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതോടെ 1.9 മില്യണ്‍ ആളുകളാണ് പട്ടികയ്ക്ക് പുറത്തായത്. പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ഹിന്ദുക്കളുമുണ്ട്. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനിടെ അമിത് ഷാ പറഞ്ഞത് പൌരത്വ ഭേദഗതി ബില്‍ സഭയില്‍ വീണ്ടും കൊണ്ടുവരുമെന്നാണ്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൌരത്വം ലഭിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ ബില്‍.