LiveTV

Live

National

കേന്ദ്രം എല്‍.ഐ.സിയില്‍ നിന്ന് 10.7 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ്

സാധാരണക്കാരായ നിക്ഷേപകരുടെ പണമാണ് സര്‍ക്കാര്‍ കൊള്ളയടിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കേന്ദ്രം എല്‍.ഐ.സിയില്‍ നിന്ന് 10.7 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ്

റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കൈപ്പറ്റിയതിന് പിന്നാലെ കേന്ദ്രം എല്‍.ഐ.സിയില്‍ നിന്ന് 10.7 ലക്ഷം കോടി രൂപ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ്. ഐ.ഡി.ബി.ഐ നിക്ഷേപത്തിന്റെ പേരിലാണ് പണം വാങ്ങിയതെന്നും സാധാരണക്കാരായ നിക്ഷേപകരുടെ പണമാണ് സര്‍ക്കാര്‍ കൊള്ളയടിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നു 1.76 ലക്ഷം കോടി രൂപ എടുത്ത മോദി സർക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാൻ എൽ.ഐ.സി നിക്ഷേപങ്ങൾ മോദി സര്‍ക്കാര്‍ കൊള്ളയടിച്ചു. 2014 മുതൽ 19 വരെയുള്ള കണക്ക് അനുസരിച്ച് 10.69 ലക്ഷം കോടി രൂപ സർക്കാർ തട്ടിയെടുത്തു. റിസർവ് ബാങ്കിന്റെ സ്ഥിതിവിവര കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം.

സാമ്പത്തിക പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് എല്‍.ഐ.സി വാങ്ങിയത്. നിഷ്ക്രിയ ആസ്തി പെരുകിയതോടെ ഐ.ഡി.ബി.ഐ ബാങ്ക് നഷ്ടത്തിലായി. 21000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് നികത്താന്‍ 4743 കോടി രൂപ ഈ മാസം ആദ്യം എല്‍.ഐ.സിയില്‍ നിന്ന് നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. സാധാരണക്കാരായ വലിയ വിഭാഗം നിക്ഷേപകരുടെ പണം ഇത്തരത്തില്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.