LiveTV

Live

National

സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ഇസ്‌ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കൈമാറാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന വാദം തള്ളി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്.

സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ഇസ്‌ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കൈമാറാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന വാദം തള്ളി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. റഷ്യയിൽ നടന്ന ഈസ്റ്റേഴ്‌സ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ മഹാതിറിനെ കണ്ടപ്പോള്‍ സാക്കിര്‍ നായിക്കിനെ കൈമാറാന്‍ മോദി ആവശ്യപ്പെട്ടുവെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ സെപ്തംബര്‍ ആദ്യവാരത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, മോദിയുമായി കൂടിക്കാഴ്ച നടത്തി എന്ന കാര്യം ശരിയാണെങ്കിലും നായിക്കിനെ കൈമാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മഹാതിര്‍ മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തെ ഉദ്ധരിച്ച് മലേഷ്യയിലെ പ്രാദേശിക പത്രങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മലേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങളില്‍ ഇടംപിടിച്ച സാക്കിര്‍ നായിക്കിനെ സംരക്ഷിക്കാന്‍ താല്പര്യമില്ലെന്ന് മഹാതിര്‍ പറഞ്ഞു. സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരനല്ല, കഴിഞ്ഞ സര്‍ക്കാരാണ് അദ്ദേഹത്തിന് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കിയത്, അങ്ങനെ സ്ഥിരതാമസ അനുമതി ലഭിക്കുന്നവര്‍ക്ക് രാജ്യത്തിന്‍റെ വ്യവസ്ഥയെക്കുിറച്ചോ രാഷ്ട്രീയത്തെക്കുിറച്ചോ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും മഹാതിര്‍ പറഞ്ഞു. ഈ വ്യവസ്ഥ നായിക് ലംഘിക്കുകയായിരുന്നു. എന്നാല്‍, സാക്കിര്‍ നായിക്കിനെ വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് രാഷ്ട്രങ്ങള്‍ക്കൊന്നും അദ്ദേഹത്തെ ആവശ്യമില്ലെന്നായിരുന്നു മഹാതിറിന്റെ മറുപടി.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം എന്നോട് സാക്കിര്‍ നായിക്കിനെ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. സാക്കിര്‍ ഇന്ത്യക്ക് പ്രശ്‌നമാകാമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

റഷ്യയില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയില്‍ നായിക്കിന്റെ കൈമാറ്റവിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചതായി വിജയ് ഗോഖലെ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണ് മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന.