LiveTV

Live

National

പെട്രോള്‍, ഡീസല്‍ വില 6 രൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

വില കുറയുമോ ഇല്ലയോയെന്നത് സൗദിയുടെ ഉൽ‌പാദനം പൂർ‌ണ്ണമായി പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

പെട്രോള്‍, ഡീസല്‍ വില 6 രൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ശനിയാഴ്ച ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയർന്ന പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍, ഡീസല്‍ ലിറ്ററിന് 5-6 രൂപ വരെ ഉയരുമെന്നാണ് സൂചന. അസംസ്കൃത എണ്ണയ്ക്ക് നിലവിലെ വില വര്‍ധന തുടരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്.

ഉടനൊന്നും എണ്ണവില കുറയില്ലെന്നാണ് സൂചന. വില കുറയുമോ ഇല്ലയോയെന്നത് സൗദിയുടെ ഉൽ‌പാദനം പൂർ‌ണ്ണമായി പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും. ഇതിന് ഏതാനും ആഴ്ചകളെങ്കിലും എടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മേഖലയിലെ സംഘർഷങ്ങൾ ഇനിയും തുടരുമെന്നത് തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ ആഗോള എണ്ണ വിതരണത്തിലെ പ്രതിസന്ധികള്‍ക്ക് ഇത് ആക്കം കൂട്ടും. അസംസ്കൃത എണ്ണ വില ഉയരുന്നതിനനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ ഓരോ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകും. അരാംകോയിലെ ആക്രമണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ബ്രെന്‍റ് ക്രൂഡ് വില 20 ശതമാനമാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇത് ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു. എണ്ണവില 14.6 ശതമാനം ഉയർന്ന് ബാരലിന് 69.02 ഡോളറിലെത്തി. 1988 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതാണ്. എണ്ണവില റോക്കറ്റ് വേഗത്തില്‍ കുതിച്ചാല്‍ ഇത് രാജ്യത്തിന്റെ ധനസ്ഥിതിയെ തകർക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 71.89 രൂപയും മുംബൈയിൽ 77.57 രൂപയും ചെന്നൈയിൽ 74.70 രൂപയും കൊൽക്കത്തയിൽ 74.62 രൂപയുമാണ്.