LiveTV

Live

National

‘ഒരു രാജ്യം, ഒരു ഭാഷ’; അമിത് ഷായുടെ കെണിയില്‍ വീഴാതെ പ്രതിപക്ഷം  

‘ഒരു രാജ്യം, ഒരു ഭാഷ’; അമിത് ഷായുടെ കെണിയില്‍ വീഴാതെ പ്രതിപക്ഷം  

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഭാഷാ പ്രസ്താവനയില്‍ വീഴാതെ പ്രതിപക്ഷം. ശക്തമായ പ്രതിഷേധം അറിയിക്കുമ്പോഴും ഹിന്ദിയെ തള്ളാതെയും കൊള്ളാതെയും പക്വമായാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം. അതേസമയം അമിത് ഷായുടെ പ്രസ്താവനയെ എങ്ങനെ നേരിടണമെന്ന അവ്യക്തതയും പ്രതിപക്ഷത്തിനിടയിലുണ്ട്.

വൈവിധ്യങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രയടക്കം 3 സംസ്ഥാനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഭാഷ പ്രസ്താവനയെ പക്വമായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിട്ടത്. എല്ലാ ഭാഷകളെയും ചേര്‍ത്തു പിടിക്കുന്നതിനൊപ്പം ഹിന്ദിയെ തള്ളാതെയായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഭാഷകളെ ബഹുമാനിക്കാനും വൈവിധ്യത്തെ അംഗീകരിക്കാനും ബി.ജെ.പി പഠിക്കണമെന്ന പക്വമായ പ്രതികരണത്തില്‍ ഒതുങ്ങി സി.പി.എമ്മും ടി.എം.സിയും അടക്കമുള്ള പാര്‍ട്ടികള്‍. എന്നാല്‍ ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളിലുണ്ട്. സാധാരണ പ്രസ്താവനകള്‍ക്ക് അപ്പുറം എപ്രകാരം ഇതിനെ പ്രതിരോധിക്കണമെന്നതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വ്യക്തതയില്ല.

അതേസമയം മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ശിവസേന വിഷയത്തില്‍ എതിര്‍പ്പുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ശിവസേന തയ്യാറായിട്ടില്ല.