LiveTV

Live

National

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ കുരുക്ക് മുറുക്കുന്നു

അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം പിന്‍വലിച്ചതിനാല്‍ സി.ബി.ഐക്ക് അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തടസമില്ല

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ കുരുക്ക് മുറുക്കുന്നു

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന് മേല്‍ സി.ബി.ഐ കുരുക്ക് മുറുകുന്നു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി എടുത്തുമാറ്റിയതോടെ സി.ബി.ഐ സംഘം രാജീവ് കുമാറിന്റെ വസതിയില്‍ എത്തി.

രാജീവ് കുമാര്‍ ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാറിന് സി.ബി.ഐ അറസ്റ്റില്‍ നിന്നും നല്‍കിയ സുരക്ഷ ഇന്ന് രാവിലെയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി നീക്കിയത്. ഇതോടെ സിബിഐ നടപടി ക്രമങ്ങള്‍ ഈര്‍ജിതമാക്കുകയായിരുന്നു.

അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം പിന്‍വലിച്ചതിനാല്‍ സി.ബി.ഐക്ക് അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തടസമില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലുക്ക് ഓട്ട് സെര്‍ക്കുലര്‍ നേരത്തെ ഇറക്കിയിട്ടുള്ളതിനാല്‍ രക്ഷപ്പെടാനാകില്ലെന്നും സി.ബി.ഐ വ്യത്തങ്ങള്‍ വ്യക്തമാക്കി.

ശാരദ ചിട്ടിതട്ടിപ്പ് കേസ് സി.ബി.ഐക്ക് കൈമാറുമ്പോള്‍ കേസ് ഡയറികളും ഫയലുകളും കൈമാറിയില്ല, സുപ്രധാന തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് രാജീവ് കുമാറിനെതിരായ കുറ്റം.

2014ല്‍ രജിസ്റ്റര്‍ ചെയ്ത ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍.

പ്രമുഖര്‍ ഉള്‍പ്പെട്ട 200 കമ്പനികളുടെ കണ്‍സോര്‍ഷ്യം വന്‍ തുക വാഗ്ദാനം ചെയ്ത് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തി എന്നതാണ് ശാരദ ചിട്ടി ഫണ്ട് കേസ്.