LiveTV

Live

National

ഒരു ഭാഗത്ത് ശാക്തീകരണ നീക്കം; മറുഭാഗത്ത് കൂടുതല്‍ പി.സി.സികള്‍ പൊട്ടിത്തെറിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പോടെ രൂക്ഷമായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തര്‍ക്കം പരിഹരിക്കാനായിട്ടില്ല.

ഒരു ഭാഗത്ത് ശാക്തീകരണ നീക്കം; മറുഭാഗത്ത് കൂടുതല്‍ പി.സി.സികള്‍ പൊട്ടിത്തെറിയിലേക്ക്

പാര്‍ട്ടി ശാക്തീകരണ നീക്കങ്ങളുമായി അധ്യക്ഷ സോണിയ ഗാന്ധി മുന്നോട്ട് പോകവെ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് കൂടുതല്‍ പി.സി.സികള്‍. നിയമസഭാ തെരഞ്ഞെടുപ്പോടെ രൂക്ഷമായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തര്‍ക്കം പരിഹരിക്കാനായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ കുമാരി ഷെല്‍ജയെ അധ്യക്ഷയാക്കിയതോടെ വിഘടിച്ച അവസ്ഥയിലാണ് പാര്‍ട്ടി. തെരഞ്ഞടുപ്പ് കാത്തിരിക്കുന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല.

സര്‍ക്കാരിനെ ഉലക്കുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരിക്കുകയാണ് രാജ്യസ്ഥാനിലെയും മധ്യപ്രദേശിലെയും പി.സി.സി തര്‍ക്കം. കമല്‍നാഥും ജോതിരാദിത്യസിന്ധ്യയും ദിഗ്‍വിജയ്സിങും അധ്യക്ഷ പദത്തിനായുള്ള പോരാട്ടത്തിലാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ‍‍ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പോലും പരസ്പരം പഴിചാരുകയാണ്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ ഭൂപീന്ദര്‍ സിങിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുമാരി ഷെല്‍ജയെ അധ്യക്ഷയാക്കിയതോടെ ഇടഞ്ഞ് നില്‍ക്കുകയാണ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറും രണ്‍ദീപ് സുര്‍ജെവാലയും. മഹാരാഷ്ട്ര പി.സി.സിയില്‍ സഞ്ജയ് നിരുപമും മിലിന്ദ് ദോറയും തമ്മിലുള്ള തര്‍ക്കത്തിന് പഴക്കമേറെയാണ്. ഇരുവര്‍ക്കും ഇടയിലെ അഭിപ്രായ ഭിന്നത കോണ്‍ഗ്രസിനെ മുരടിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഊര്‍മിള മദോന്ദ്കര്‍ പാര്‍ട്ടി വിട്ടത്. ജാര്‍ഖണ്ഡിലും മുതിര്‍ന്ന നേതാക്കളായ അജയ് കുമാറും സുബോദ് കാന്ത് സഹായിയും പരസ്പരം വിമര്‍ശനം തുടരുകയാണ്.

പഞ്ചാബിലെ തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി അമരീന്ദറിനോടുള്ള എതിര്‍പ്പറിയിച്ച് മന്ത്രി പദം രാജിവച്ച് മാറിനില്‍ക്കുകയാണ് നവ്ജോത് സിങ് സിദ്ദു. കര്‍ണാടകയില്‍ നേതൃതര്‍ക്കമാണ് അധികാര നഷ്ടത്തിന് കാരണമായതെന്ന് ഹൈക്കമാന്‍ഡ് തന്നെ വിലയിരുത്തിയിരുന്നു. മറനീക്കി പുറത്ത് വന്നിട്ടില്ലെങ്കിലും ബംഗാളിലും ഛത്തീസ്ഗഢിലും സ്ഥിതി സമാനം തന്നെ.