LiveTV

Live

National

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് 

കുല്‍ഭൂഷണ്‍ ജാദവിന് കൌണ്‍സിലര്‍ സഹായം നല്‍കില്ലെന്ന് ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ നിലപാടെടുക്കുന്നത്

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് 

പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൌരന്‍ കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍. കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര സഹായം നല്‍കില്ലെന്ന പാകിസ്താന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രവീഷ് കുമാര്‍. കുല്‍ഭൂഷണ്‍ ജാദവിന് കൌണ്‍സിലര്‍ സഹായം നല്‍കില്ലെന്ന് ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ നിലപാടെടുക്കുന്നത്. ഇനി കൌണ്‍സിലര്‍ സഹായം നല്‍കില്ലെന്ന് പാക് വിദേശ കാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നയതന്ത്ര തലത്തില്‍ സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നടപ്പിലാക്കപ്പെടുന്നത് വരെ ശ്രമങ്ങളുമായി മുന്നോട്ടുപോകും. നയതന്ത്ര തലത്തില്‍ പാകിസ്ഥാനുമായി വിഷയത്തില്‍ ആശയവിനിമയം തുടരും രവീഷ് കുമാര്‍ പറഞ്ഞു.

ഈ മാസം രണ്ടിന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൌരവ് അഹ്‍ലുവാലിയ കുല്‍ഭൂഷണ്‍ ജാദവിനെ ഇസ്‍ലാമാബാദിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയത്. കൂടിക്കാഴ്ചക്ക് പിന്നാലെ ജാദവ് കടുത്ത സമ്മര്‍ദത്തിലാണ് ജയിലില്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വയം ചാരനെന്ന് സമ്മതിച്ച് പ്രസ്താവന നല്‍കാന്‍ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ നിര്‍ബന്ധിച്ചുവെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാറും പറഞ്ഞു. 2016 ലാണ് മുന്‍ കരസേന ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തത്.