LiveTV

Live

National

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഡല്‍ഹിയില്‍ തുടങ്ങി 

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

 കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഡല്‍ഹിയില്‍ തുടങ്ങി 

സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വിളിച്ച നിര്‍ണായക യോഗം തുടരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗവും സോണിയാ ഗാന്ധി വിളിച്ചിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സംഘടനാകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ആദ്യ യോഗമാണിത്. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പി.സി.സികളും സമർപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നിലുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പാർട്ടി സംവിധാനം ദുർബലപ്പെട്ടു എന്നാണ് റിപ്പോർട്ടുകളുടെ ഉള്ളടക്കം. അവ പരിശോധിച്ച് സോണിയാ ഗാന്ധി ചില നിര്‍ണായക നിർദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ പ്രേരക്മാരെ നിയമിക്കണമെന്ന അസം നേതാവ് തരുണ്‍ ഗോഗോയിയുടെ നിർദേശവും യോഗം വിശദമായി പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി അംഗത്വ വിതരണം, മഹാത്മ ഗാന്ധിയുടെ 150ആം ജന്മദിനാഘോഷ പരിപാടികള്‍ നിശ്ചയിക്കല്‍ എന്നിവയും ചര്‍ച്ച ചെയ്യും.

പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രമുഖ നേതാക്കളുടെ അഭാവത്തിൽ കേരളത്തിൽ നിന്ന് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷാണ് പങ്കെടുക്കുന്നത്. നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലെത്താന്‍ സോണിയ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ ന്യായ് പദ്ധതി അടക്കമുള്ളവ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾക്കായാണ് യോഗം.