LiveTV

Live

National

വീട്ടുതടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി വൈകോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 

ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് വൈകോ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു

വീട്ടുതടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി വൈകോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈകോ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയത്.

ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് വൈകോ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ല പങ്കെടുക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇതുവരെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈകോ ഹര്‍ജിയില്‍ വ്യക്തമാക്കി. നാളെ ഹര്‍ജി പരിഗണിച്ചേക്കും.

ഫാറൂഖ് അബ്ദുല്ലയെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് യാത്രചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കശ്മീര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും താന്‍ ആഗസ്റ്റ് 29ന് കത്തയച്ചിരുന്നുവെന്നും വൈകോ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഒരു മറുപടിയും ലഭിച്ചില്ലെന്നും വൈകോ പറഞ്ഞു. സമാധാനപരമായും ജനാധിപത്യപരമായും നടത്തുന്ന ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുന്നത് ആര്‍ട്ടിക്കിള്‍ 21, 22, 19(1)(എ) എന്നിവയുടെ ലംഘനമാണെന്നും വൈകോ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിന് സവിശേഷ പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ജമ്മു കശ്മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫാറൂഖിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരും വീട്ടുതടങ്കലിലാണ്.